Districts

ഉമ്മന്‍ചാണ്ടി ഘടകകക്ഷികളെ പിളര്‍ത്തുന്നു: കോടിയേരി

തിരുവനന്തപുരം: അധികാരത്തില്‍ തുടരാന്‍ ഘടകകക്ഷികളെ പിളര്‍ത്തുന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിയുടേതെന്നും അധികാരത്തില്‍ തുടരാന്‍ അദ്ദേഹം എന്തും ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
അഞ്ചു വര്‍ഷത്തിനിടെ ഇത്തരത്തില്‍ ജെഎസ്എസ്സിനേയും സിഎംപിയേയും ഉമ്മന്‍ചാണ്ടി പിളര്‍ത്തി. ബാലകൃഷ്ണപിള്ള വിഭാഗത്തില്‍ ഒരു എംഎല്‍എ മാത്രം ഉള്ളതിനാല്‍ തന്ത്രം ഫലിച്ചില്ല. ഇപ്പോള്‍ സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിക്കുമെന്നു വന്നപ്പോള്‍ കേരള കോണ്‍ഗ്രസ്സിനേയും ഉമ്മന്‍ചാണ്ടി പിളര്‍ത്തിയിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു. രാജിവയ്ക്കാനുള്ള നീക്കത്തില്‍ നിന്നും പി ജെ ജോസഫ് പിന്മാറിയത് ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍ മൂലമാണ്. മന്ത്രി കെ സി ജോസഫാണ് ഇതിന് ഇടനിലക്കാരനായത്. പി ജെ ജോസഫ് മന്ത്രിസ്ഥാനത്തു തുടരുന്നത് കേരള കോണ്‍ഗ്രസ്സിന്റെ തീരുമാനപ്രകാരമാണോ എന്നു മാണി വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ആണെങ്കില്‍ തോമസ് ഉണ്ണിയാടന്‍ രാജിവച്ചത് എന്തിനെന്നും വ്യക്തമാക്കണം. കേരള കോണ്‍ഗ്രസില്‍ മാണി ഒറ്റപ്പെട്ടിരിക്കുകയാണ്. രണ്ടിലയില്‍ ഒരില പി ജെ ജോസഫിന്റെ കൈയിലായിക്കഴിഞ്ഞു. മറ്റേ ഇലയും തണ്ടും മാത്രമേ മാണിയുടെ കൈയിലുള്ളൂ. കോണ്‍ഗ്രസ്സിന്റെ കൂടെക്കൂടി കേരള കോണ്‍ഗ്രസ് കരിഞ്ഞ ഇലയായി മാറിയിരിക്കുകയാണെന്നും കോടിയേരി പരിഹസിച്ചു. വിജിലന്‍സിന്റെ ചുമതലയില്ലാത്ത മുഖ്യമന്ത്രി എന്തിനാണു വിജിലന്‍സ് ഡയറക്ടറുമായി സംസാരിച്ചത്. പൊതുഭരണ വകുപ്പിന്റെ ചുമതല ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടി ഇടപെട്ടു എന്നതിന്റെ തെളിവാണിത്.
ഭരണം അഴിമതിയില്‍ മുങ്ങിയിരിക്കുന്ന സാഹചര്യമാണെങ്കിലും രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാറിനെ മറിച്ചിടില്ലെന്നും കോടിയേരി വ്യക്തമാക്കി. ജനങ്ങള്‍ നല്‍കുന്ന ഭൂരിപക്ഷമുള്ളപ്പോള്‍ മാത്രം ഭരണത്തില്‍ വരികയെന്നതാണ് എല്‍ഡിഎഫ് നിലപാട്. എംഎല്‍എമാരെ ചാക്കിട്ടു പിടിച്ചു രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്നത് യുഡിഎഫ് ആണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it