ഉമര്‍ ഖാലിദ് ജെഎന്‍യു കാംപസില്‍; അറസ്റ്റ് ചെയ്യാനാവാതെ പോലിസ്

ന്യൂഡല്‍ഹി: കനയ്യ കുമാറിനൊപ്പം രാജ്യദ്രോഹക്കുറ്റം ചുമത്തി പോലിസ് തേടുന്ന ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ കാംപസില്‍ തിരിച്ചെത്തി. കീഴടങ്ങില്ലെന്നും പോലിസിന് വേണമെങ്കില്‍ യൂനിഫോമില്‍ അറസ്റ്റ് ചെയ്യാമെന്നുമാണ് ഇവരുടെ നിലപാട്. എന്നാല്‍ പോലിസിന് ഇതുവരെ കാംപസിനുള്ളില്‍ കടക്കാനായിട്ടില്ല. ഇതിന് വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാര്‍ അനുമതി നല്‍കിയിട്ടുമില്ല. ഉമര്‍ ഖാലിദിനെ കൂടാതെ അനിര്‍ബന്‍ ഭട്ടാചാര്യ, അശുതോഷ് കുമാര്‍, ആനന്ദ് പ്രകാശ് നാരായണന്‍, രാംനാഗ എന്നിവരാണ് ഞായറാഴ്ച അര്‍ധരാത്രി കാംപസില്‍ എത്തിയത്. മറ്റു വിദ്യാര്‍ഥികള്‍ ഇവരെ സ്വീകരിച്ചു. പോലിസ് ഇവരെ അറസ്റ്റ് ചെയ്യാനെത്തിയെങ്കിലും കാംപസില്‍ പ്രവേശിക്കാനായില്ല. തുടര്‍ന്നാണ് കീഴടങ്ങില്ലെന്ന് വിദ്യാര്‍ഥികള്‍ പ്രഖ്യാപിച്ചത്. രാത്രി വൈകിയും കാത്തുനിന്ന പോലിസ് പിന്നീട് മടങ്ങി. എന്നാല്‍, കാംപസിന് വെളിയില്‍ പോലിസ് സാന്നിധ്യമുണ്ട്. അതിനിടെ, വിദ്യാര്‍ഥികള്‍ എത്തിയതിനെ തുടര്‍ന്നുള്ള സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ജെഎന്‍യു അഡ്മിനിസ്‌ട്രേഷന്‍ അടിയന്തര യോഗം വിളിച്ചു. ഡല്‍ഹി പോലിസ് മേധാവി ബി എസ് ബസ്സി, ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങുമായി കൂടിക്കാഴ്ച നടത്തി. രാജ്യദ്രോഹക്കുറ്റം ചെയ്തില്ലെങ്കില്‍ അതിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ ബസ്സി വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചു. നിരപരാധികളാണെങ്കില്‍ അന്വേഷണവുമായി സഹകരിക്കണം. ഇപ്പോഴത്തെ സാഹചര്യം നേരിടാന്‍ പോലിസിന് ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജെഎന്‍യുവിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരായ സമരത്തില്‍ താനും പങ്കുചേരുന്നതായി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യവെ ഉമര്‍ ഖാലിദ് പറഞ്ഞു. ഡല്‍ഹി പോലിസിനെ ഭയന്നല്ല, ജനക്കൂട്ടത്തിന്റെ അക്രമം ഭയന്നാണ് മാറിനിന്നത്. ഞാന്‍ തീവ്രവാദിയല്ല. 10 ദിവസംകൊണ്ട് തന്നെക്കുറിച്ച് അറിയാത്ത പലതും അറിയാനായി. പാസ്‌പോര്‍ട്ട് പോലുമില്ലാത്ത താന്‍ രണ്ടുതവണ പാകിസ്താന്‍ സന്ദര്‍ശിച്ചെന്ന് അവര്‍ പ്രചരിപ്പിച്ചു. കനയ്യക്കൊപ്പം തങ്ങളുണ്ടെന്നും ഉമര്‍ ഖാലിദ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it