World

ഉപരോധം: ഇറാനും യുഎസും തമ്മില്‍ വാക്‌പോര് രൂക്ഷം

വാഷിങ്ടണ്‍/ന്യൂയോര്‍ക്ക്: യുഎന്നിന്റെ 73ാമതു പൊതു സമ്മേളനത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും തമ്മില്‍ രൂക്ഷമായ വാക്‌പോര്. രാജ്യാന്തര വിപണിയില്‍ നിന്ന് ഇറാനെ ഒറ്റപ്പെടുത്തണമെന്നായിരുന്നു ലോകനേതാക്കളോട് ട്രംപ് ആവശ്യപ്പെട്ടത്. എന്നാല്‍ യുഎസിന്റെ ഉപരോധത്തെ സാമ്പത്തിക തീവ്രവാദം എന്നാണു റൂഹാനി വിശേഷിപ്പിച്ചത്.
ഇറാനാണ് ലോകത്ത് തീവ്രവാദത്തിന്റെ പ്രായോജകരെന്ന ആരോപണം ട്രംപ് ആവര്‍ത്തിച്ചു. മേഖലയെ കടന്നാക്രമിക്കാനുള്ള ഇറാന്റെ ശ്രമത്തിന് അയല്‍ രാജ്യങ്ങള്‍ കനത്ത വില നല്‍കേണ്ടിവരുന്നുണ്ട്.
രാജ്യത്തിന്റെ ഖജനാവിലെ കോടിക്കണക്കിനു ഡോളര്‍ ഇറാന്റെ യുദ്ധനീക്കങ്ങള്‍ കാരണം പാഴാവുന്നതായും ട്രംപ് പറഞ്ഞു. ആണവആയുധ നിര്‍മാണത്തിലൂടെ സമ്പാദിക്കുന്ന പണം സിറിയ, യമന്‍ അടക്കമുള്ള രാജ്യങ്ങളിലെ വിമത പ്രവര്‍ത്തനങ്ങള്‍ക്കും തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കാനുമാണ് ഇറാന്‍ വിനിയോഗിക്കുന്നത്. അതിനാല്‍ ആഗോളസമൂഹം ഒറ്റപ്പെടുത്തണമെന്നും ട്രംപ് ആവര്‍ത്തിച്ചു.
തങ്ങള്‍ക്കു മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം സാമ്പത്തിക തീവ്രവാദമാണെന്നായിരുന്നു റൂഹാനിയുടെ പ്രതികരണം. തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാനാണു യുഎസിന്റെ ശ്രമമെന്നും റൂഹാനി ആരോപിച്ചു. അന്താരാഷ്ട്ര നിയമങ്ങളെയും വ്യവസ്ഥകളെയും കാറ്റില്‍പ്പറത്തി ചില നേതാക്കള്‍ ലോകസുരക്ഷയെ അട്ടിമറിക്കുകയാണെന്നും ട്രംപിന്റെ പേര് പരാമര്‍ശിക്കാതെ റൂഹാനി പറഞ്ഞു.
അതേസമയം യുഎസിനെ ആക്രമിക്കാന്‍ തുനിഞ്ഞാല്‍ നരകമായിരിക്കും ഫലമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍. യുഎന്നില്‍ ട്രംപും റൂഹാനിയും തമ്മില്‍ വാക്‌പോര് നടത്തിയതിനു പിന്നാലെയായിരുന്നു ബോള്‍ട്ടന്റെ ഭീഷണി. അവര്‍ എന്റെ വാക്കുകള്‍ ഗൗരവത്തോടെയെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. യുഎസിനെയോ, സഖ്യക്ഷികളെയോ പൗരന്‍മാരെയോ അപായപ്പെടുത്താന്‍ ശ്രമിച്ചാല്‍ നരകമായിരിക്കും പ്രതിഫലമെന്നും അദ്ദേഹം പറഞ്ഞു.
ആണവ കരാറില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവും മേഖലയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെയും പരാമര്‍ശിച്ചിട്ടില്ലെന്നുള്ള ആരോപണം ബോള്‍ട്ടന്‍ ആവര്‍ത്തിച്ചു. ഇറാന്റെ ആണവ സമ്പുഷ്ടീകരണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനു ലോകരാഷ്ട്രങ്ങള്‍ 2015ല്‍ ഇറാനുമായി ഒപ്പിട്ട ആണവകരാറില്‍ നിന്നു കഴിഞ്ഞ മെയില്‍ യുഎസ് ഏകപക്ഷീയമായി പിന്‍മാറിയിരുന്നു.
Next Story

RELATED STORIES

Share it