ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്‌

ന്യൂഡല്‍ഹി: ഉപതിരഞ്ഞെടുപ്പു നടന്ന കൈരാന, ഭണ്ഡാര-ഗോണ്ട്യ, ഫാല്‍ഗഡ്, നാഗാലാന്‍ഡ് ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഇന്ന്. ബിജെപി, ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളുടെ സംസ്ഥാനങ്ങളിലെ നിലനില്‍പ്പിന് നിര്‍ണായകമാവും തിരഞ്ഞെടുപ്പു ഫലം. രാവിലെ എട്ടു മുതലാണ് വോട്ടെണ്ണല്‍. ഇതിനു പുറമെ ചെങ്ങന്നൂര്‍ അടക്കം വിവിധ സംസ്ഥാനങ്ങളിലെ 10 നിയമസഭാ മണ്ഡലങ്ങളിലും ഇന്നു വോട്ടെണ്ണും.
വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് ഭണ്ഡാര ഗോണ്ട്യയില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ 49 പോളിങ് ബൂത്തുകളില്‍ റീപോളിങ് തിങ്കളാഴ്ച നടന്നിരുന്നു. ഇവിടെ 25 ശതമാനത്തോളം വോട്ടിങ് യന്ത്രങ്ങള്‍ കേടായതായി മുന്‍ കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേല്‍ ആരോപിച്ചിരുന്നു. ബിജെപിക്കെതിരേ സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തിയാണു പ്രതിപക്ഷം കൈരാനയില്‍ അങ്കത്തിനിറങ്ങിയത്. ബിജെപി എംപി ഹുകും സിങിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് കൈരാനയില്‍ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. ബിജെപി ഇവിടെ ഹുകും സിങിന്റെ മകള്‍ മൃഗാംഗ സിങിനെയാണു സ്ഥാനാര്‍ഥിയാക്കിയത്. രാഷ്ട്രീയ ലോക്ദളിന്റെ തബസ്സും ഹസനാണു പ്രതിപക്ഷത്ത്.
ബിജെപി എംപി ചിന്താമന്‍ വനഗയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഫാല്‍ഗഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഭണ്ഡാര ഗോണ്ട്യയില്‍ ബിജെപി എംപി നാന പട്ടോല്‍ കോണ്‍ഗ്രസ്സില്‍ ചേരുകയും ലോക്‌സഭ സ്ഥാനാര്‍ഥിത്വം ഉപേക്ഷിക്കുകയും ചെയ്തതാണ് ഉപതിരഞ്ഞെടുപ്പിലെത്തിയത്.
നാഗാലാന്‍ഡ് മുഖ്യമന്ത്രിയായി നെയ്ഫു റിയോ ചുമതലയേറ്റതിനു പിന്നാലെയാണ് ഇദ്ദേഹത്തിന്റെ ലോക്‌സഭാ സീറ്റായ നാഗാലാന്‍ഡിലേക്ക് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.
Next Story

RELATED STORIES

Share it