ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയരണം: ഗവര്‍ണര്‍

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 2020ഓടെ അക്രഡിറ്റേഷന്‍ നിലവാരത്തിലേക്ക് ഉയരാന്‍ ശ്രമിക്കണമെന്ന് ഗവര്‍ണര്‍ പി സദാശിവം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തലും അക്രഡിറ്റേഷനും സംബന്ധിച്ച് കേരള സര്‍വകലാശാല സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുജിസിയുടെ ലക്ഷ്യം 2022ന് മുമ്പ് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അക്രഡിറ്റേഷന്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ്. അതിനു മുമ്പ് ലക്ഷ്യത്തിലെത്താന്‍ കേരളത്തിലെ സ്ഥാപനങ്ങള്‍ക്കാവണം. സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം നിലവാരവും ഉറപ്പാക്കണം. എല്ലാ മേഖലയിലും നിലവാരം പ്രധാന ഘടകമാണ്. പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയില്‍. 25 വയസ്സിനു താഴെയുള്ള യുവാക്കളുടെ അഭിലാഷങ്ങള്‍ നിറവേറ്റാനാവുന്നവിധം വികസിക്കുന്ന കാര്യത്തില്‍ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖല കടുത്ത സമ്മര്‍ദത്തിലാണ്.
ഇന്ത്യയില്‍ ഇന്ന് 45,000 കോളജുകളും 800ഓളം സര്‍വകലാശാലകളുമായി വളരെ വിശാലമായ ഉന്നത വിദ്യാഭ്യാസരംഗമാണുള്ളത്. 375 സര്‍വകലാശാലകള്‍ക്കും 8000 ഓളം കോളജുകള്‍ക്കും നിലവാരം ഉറപ്പാക്കി അക്രഡിറ്റേഷന്‍ നല്‍കാന്‍ നാകിന് കഴിഞ്ഞിട്ടുണ്ട്. നിലവാരമുറപ്പാക്കാനുള്ള അക്രഡിറ്റേഷന്‍ ഇന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൊതുലക്ഷ്യമാണ്.
യുജിസിയുടെയും മാനവ വിഭവശേഷി മന്ത്രാലയത്തിന്റെയും നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കില്‍ കേരളത്തിലെ നാലു സ ര്‍വകലാശാലകള്‍ വന്നിട്ടുണ്ട്. കോളജുകള്‍ക്ക് നിലവാരമുറപ്പാക്കി അക്രഡിറ്റേഷന്‍ ലഭ്യമാക്കുക എന്നത് മാനേജ്മെന്റുകളുടെ മാത്രം കടമയല്ല, മൊത്തം അക്കാദമിക, പ്രാദേശിക സമൂഹവും അതിന്റെ ആവശ്യകത മനസ്സിലാക്കണം.
മികച്ച സ്റ്റാര്‍ട്ട്അപ്പ് സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനം എന്ന മേന്മ ഉപയോഗപ്പെടുത്താന്‍ കോളജുകളും സര്‍വകലാശാലകളും ശ്രമിക്കണം. ക്ലാസ് മുറികളില്‍ നിന്ന് ജോലിസ്ഥലങ്ങളിലേക്കു കടന്നുചെന്ന് ഇന്ത്യയുടെ ഭാവി രൂപപ്പെടുത്താ ന്‍ ഇതിലൂടെ വിദ്യാര്‍ഥികള്‍ക്കാവണം- ഗവര്‍ണര്‍ പറഞ്ഞു.
യുജിസി ബംഗളൂരു ഹെഡ് ആന്റ് ജോയിന്റ് സെക്രട്ടറി ഡോ. എസ് സി ശര്‍മ അധ്യക്ഷത വഹിച്ചു. നാക് ഡയറക്ടര്‍ ഡോ. ജി ശ്രീനിവാസ്, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് ഡോ. സി ഗണേഷ് സംബന്ധിച്ചു.

Next Story

RELATED STORIES

Share it