Flash News

ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം : ടി പി സെന്‍കുമാറിന് സര്‍ക്കാരിന്റെ അന്ത്യശാസനം



തിരുവനന്തപുരം: ഡിജിപി ടി പി സെന്‍കുമാറും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക്. സെന്‍കുമാറിന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം ഇന്നുതന്നെ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. പേഴ്‌സനല്‍ സ്റ്റാഫിലെ എഎസ്‌ഐ അനില്‍കുമാറിനെ സ്ഥലംമാറ്റി കഴിഞ്ഞമാസം 30ന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ ഇന്നുതന്നെ നടപടിവേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അസാധാരണ ഉത്തരവാണ് അഡീഷനല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് അനില്‍കുമാറിനെ മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഇദ്ദേഹത്തെ സ്ഥലംമാറ്റുന്നതിന്റെ കാരണം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് സെന്‍കുമാര്‍ സര്‍ക്കാരിനു കത്തുനല്‍കിയിരുന്നു. അഞ്ചുവര്‍ഷമായി തനിക്കൊപ്പമുള്ള ഉദ്യോഗസ്ഥനെ തുടരാന്‍ അനുവദിക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം തള്ളിയാണു സര്‍ക്കാര്‍ ഇപ്പോള്‍ സെന്‍കുമാറിന് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. ഉദ്യോഗസ്ഥനെ മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കി ഉടന്‍ റിപോര്‍ട്ട് നല്‍കാനാണ് അഡീഷനല്‍ ചീഫ് സെക്രട്ടറി സെന്‍കുമാറിനോടു നിര്‍ദേശിച്ചിട്ടുള്ളത്. സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയ നിലയ്ക്ക് ഉത്തരവ് സെന്‍കുമാര്‍ നടപ്പാക്കേണ്ടിവരുമെന്നാണു സൂചന.  അതിനിടെ എഡിജിപി ടോമിന്‍ തച്ചങ്കരി സെന്‍കുമാറിനെതിരേ നല്‍കിയ പരാതിയില്‍ സംസ്ഥാനസര്‍ക്കാര്‍ ഡിജിപിയോട് വിശദീകരണം തേടി. ഓഫിസില്‍വച്ച് സെന്‍കുമാര്‍ തന്നോട് മോശമായി പെരുമാറി, കൈയേറ്റത്തിനു ശ്രമിച്ചു, ജോലിയില്‍നിന്നു പിരിച്ചുവിടുമെന്നു ഭീഷണിപ്പെടുത്തി എന്നിങ്ങനെയായിരുന്നു തച്ചങ്കരി നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരുന്നത്. ഈ വിഷയത്തില്‍ സെന്‍കുമാര്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it