kannur local

ഉദ്ഘാടനം കഴിഞ്ഞ് 8 മാസമായിട്ടും തോട്ടട-കിഴുന്നപ്പാറ പണി തുടങ്ങിയില്ല

കണ്ണൂര്‍: ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കോടിക്കണക്കിന് രൂപയുടെ ഫണ്ട് സര്‍ക്കാര്‍ ചെലവഴിക്കുന്നതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ജില്ലാ വികസന സമിതി യോഗത്തില്‍ പറഞ്ഞു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. ഇതില്‍ വേഗതയും കാര്യക്ഷമതയും ഉറപ്പുവരുത്തണം. കണ്ണൂര്‍ മണ്ഡലത്തിലെ തോട്ടട-കിഴുന്നപ്പാറ റോഡ് പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് എട്ടുമാസമായിട്ടും പണി നടക്കാത്തതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പ്രതികരണം.
തയ്യില്‍ കടലാക്രമണം നടക്കുന്ന സ്ഥലത്ത് കടല്‍ഭിത്തി പുതുക്കി പണിയുന്നതിന് സര്‍ക്കാറിലേക്ക് നിര്‍ദേശം സമര്‍പ്പിച്ചതായി ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കുടിവെള്ളക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ കിയോസ്‌കില്‍ വെള്ളം നിറക്കാനുള്ള ഉത്തരവാദിത്തം നിലവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച എഡിഎം ഇ മുഹമ്മദ് യൂസഫ് അറിയിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ കുടിവെള്ള വിതരണത്തിന് നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. രാമന്തളി പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പഞ്ചായത്തിലെതന്നെ കിണര്‍ ഉപയോഗിച്ച് ജല അതോറിറ്റി പരിഹാരം കാണണമെന്ന് സി കൃഷ്ണന്‍ എംഎല്‍എ നിര്‍ദേശിച്ചു. പിഎംജിഎസ്‌വൈ റോഡ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്തതു സംബന്ധിച്ച് എന്‍ജിനീയര്‍മാരുടെയും കരാറുകാരുടെയും അടിയന്തര യോഗം വിളിക്കാനും സമിതി തീരുമാനിച്ചു.
രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയില്‍ നാലര കോടിയോളം രൂപ ചെലവഴിക്കാതെ കിടക്കുന്നതിനാല്‍ പുതിയ പദ്ധതികള്‍ക്ക് ഉടന്‍ എസ്റ്റിമേറ്റ് തയാറാക്കി പ്രവൃത്തി തുടങ്ങാനും നിര്‍ദേശിച്ചു. പി കെ ശ്രീമതി എംപിയാണ് വിഷയം ഉന്നയിച്ചത്. അംബേദ്കര്‍ ഗ്രാമം പദ്ധതി നടപ്പിലാക്കുന്ന പള്ളിപ്രം കോളനിയില്‍ നിലവില്‍ ആസൂത്രണം ചെയ്ത പദ്ധതി റോഡ്, വീടുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന രീതിയില്‍ മാറ്റാന്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. നിലവില്‍ മൂന്ന് നിലയില്‍ ഓഡിറ്റോറിയം നിര്‍മിക്കാനായിരുന്നു പദ്ധതി. പഴശ്ശി ജലാശയത്തില്‍ ഫിഷറീസ് വകുപ്പ് മത്സ്യകൃഷി നടത്തുന്നതിനായി സ്ഥലത്തിന്റെ സര്‍വേ പൂര്‍ത്തിയാക്കിയതായും സ്‌കെച്ച് ജലസേചന വകുപ്പിന് ഉടന്‍ സമര്‍പ്പിക്കുമെന്നും ഇരിട്ടി തഹസില്‍ദാര്‍ അറിയിച്ചു. മത്സ്യങ്ങളെ നിക്ഷേപിക്കാനായി ബണ്ട് അറ്റകുറ്റപണിക്ക് അടിയന്തിരമായി അനുമതി ലഭ്യമാക്കാന്‍ യോഗം ജലസേചന വകുപ്പിന് നിര്‍ദേശം നല്‍കി.
ഏഴോം പഞ്ചായത്തില്‍ ഡിടിപിസി നടപ്പിലാക്കുന്ന ടൂറിസം പദ്ധതിക്കായി തീരദേശ പരിപാലന അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി നേടാത്ത സാഹചര്യത്തില്‍, പ്രസ്തുത അനുമതിക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടത് ഡിടിപിസിയാണെന്ന് യോഗം വ്യക്തമാക്കി. തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ഇല്ലാത്തതിനാല്‍ നിര്‍മാണ പ്രവൃത്തി പഞ്ചായത്ത് നിര്‍ത്തിവെച്ചിരിക്കുകയാണ്.
തലശ്ശേരി-വളവുപാറ റോഡ് നിര്‍മാണം ഉള്‍പ്പെടെ കെഎസ്ടിപിയുടെ ജില്ലയിലെ റോഡ് പ്രവൃത്തികള്‍ പരിതാപകരമായ അവസ്ഥയില്‍ ഒച്ചിഴയുന്ന പോലെയാണ് നീങ്ങുന്നതെന്ന് കൂത്തുപറമ്പ് നഗരസഭാ ചെയര്‍മാന്‍ എം സുകുമാരന്‍ പറഞ്ഞു. മട്ടന്നൂര്‍ നഗരസഭയിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകള്‍ മാറ്റുന്നതിന് കെഎസ്ടിപി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചെയര്‍പേഴ്‌സന്‍ കെ ശോഭന ആവശ്യപ്പെട്ടു. ജില്ലാ പ്ലാനിങ്് ഓഫീസര്‍ കെ പ്രകാശന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.    വാഹനാപകടത്തില്‍ മരിച്ച കാങ്കോല്‍-ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി പി ഹരിദാസിന്റെ വിയോഗത്തില്‍ വികസന സമിതി യോഗം അനുശോചിച്ചു.
Next Story

RELATED STORIES

Share it