wayanad local

ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടു : പഴം-പച്ചക്കറി സംസ്‌കരണ യൂനിറ്റ് അടഞ്ഞു തന്നെ



മാനന്തവാടി: ജില്ലയിലെ നേന്ത്രവാഴ കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷയേകി ഉദ്ഘാടനം ചെയ്ത സംസ്ഥാനത്തെ ആദ്യത്തെ പഴം-പച്ചക്കറി സംസ്‌കരണ പാക്കിങ് യൂനിറ്റിന്റെ പ്രവര്‍ത്തനം ഒരു വര്‍ഷം കഴിഞ്ഞിട്ടും തുടങ്ങിയില്ല. രണ്ടര കോടിയോളം രൂപ ചെലവഴിച്ച് എടവക കമ്മനയില്‍ നിര്‍മിച്ച യൂനിറ്റാണ് ഇപ്പോഴും അടഞ്ഞുകിടക്കുന്നത്. 2016 നവംബറില്‍ കൃഷിമന്ത്രിയാണ് യൂനിറ്റ് ഉദ്ഘാടനം ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ വാണിജ്യ വകുപ്പിന് കീഴിലുള്ള അപേഡ (അഗ്രകള്‍ച്ചല്‍ പ്രൊസസ്ഡ് ഫുഡ് പ്രൊഡക്റ്റ്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി)യുടെ സഹായത്തോടെ സംസ്ഥാനത്ത് തുടങ്ങാനിരിക്കുന്ന അഞ്ചു യൂനിറ്റുകളില്‍ ആദ്യത്തേതാണ് വയനാട്ടിലേത്. 239 ലക്ഷം രൂപ വകയിരുത്തിയ യൂനിറ്റിന് 215 ലക്ഷം രൂപ അപേഡയാണ് നല്‍കിയിരുന്നത്. ജില്ലയില്‍ ഉല്‍പാദിപ്പിക്കുന്ന നേന്ത്രക്കായ ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങള്‍, വിവിധയിനം പച്ചക്കറികള്‍ എന്നിവ ശേഖരിച്ച് സംസ്‌കരിച്ച ശേഷം ഏറ്റവും ആകര്‍ഷകമായ രീതിയില്‍ പായ്ക്ക് ചെയ്ത് ദീര്‍ഘകാലം സൂക്ഷിക്കാവുന്ന വിധത്തിലാണ് ഫാക്ടറിയുടെ വിഭാവനം. 10 മെട്രിക് ടണ്‍ സംഭരണശേഷിയുള്ള പ്രീ കൂളിങ് യൂനിറ്റ്, 20 മെട്രിക് ടണ്‍ ശേഷിയുള്ള ശീതീകരണ അറ, 6 വാഷിങ് ടാങ്കുകള്‍, ഓട്ടോമാറ്റിക് കണ്‍വേയര്‍ യൂനിറ്റ്, ഗുണപരിശോധനാ ലബോറട്ടറി എന്നിവയാണ് ഇവിടെയുള്ളത്. ഇതിനു പുറമെ ഫ്രീസര്‍ സൗകര്യങ്ങളോടു കൂടിയ വാഹനങ്ങളും ഒരുക്കി. യൂനിറ്റ് അടഞ്ഞുകിടക്കുമ്പോഴും സര്‍ക്കാരിന് ലക്ഷങ്ങളാണ് പ്രതിമാസം ചെലവ്. സെക്യൂരിറ്റി ജീവനക്കാരനുള്ള വേതനം, കെട്ടത്തിന്റെ വൈദ്യുതി ബില്ല്, വാഹനങ്ങളുടെ നികുതി, ഇന്‍ഷുറന്‍സ്, കെട്ടിട ലീസ്് തുക എന്നിവയെല്ലാം ഇപ്പോഴും മുടങ്ങാതെ നല്‍കിക്കൊണ്ടിരിക്കുന്നു. ജില്ലയില്‍ 750 സ്വാശ്രയസംഘങ്ങളാണ് വിഎഫ്പിസികെക്ക് കീഴിലായി രജിസ്റ്റര്‍ ചെയ്തു പച്ചക്കറി-പഴവര്‍ഗ കൃഷി ചെയ്യുന്നത്. ഓരോ സംഘത്തിലും 10 മുതല്‍ 25 വരെ അംഗങ്ങളുണ്ട്. ഇത്തരത്തില്‍ 12,500 കര്‍ഷകരാണ് ജില്ലയില്‍. ഇവരുടെ ഉല്‍പന്നങ്ങള്‍ യൂനിറ്റിലെത്തിച്ച് വിപണിയിലെ ഡിമാന്റ് അനുസരിച്ച് ഗ്രേഡിങ്, പാക്കിങ്, ശീതീകരിക്കല്‍ ആവശ്യാനുസരണമുള്ള സംഭരണം എന്നീ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം അകലെയുള്ള വിപണികളിലെത്തിക്കാന്‍ കഴിയുമെന്നായിരുന്നു സ്ഥാപനം തുടങ്ങുമ്പോഴുണ്ടായ പ്രതീക്ഷ. കേടുപാടുകള്‍ ഏല്‍ക്കാതെ ഉല്‍പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലൂടെയും പായ്ക്ക് ചെയ്തു ബ്രാന്റ് ചെയ്തു വില്‍ക്കുന്നതിലൂടെയും കൂടുതല്‍ ഉയര്‍ന്ന വില കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യമിട്ടിരുന്നത്. വിഎഫ്പിസികെയുടെ കീഴില്‍ ജില്ലയിലുള്ള 20 വിപണനകേന്ദ്രങ്ങളിലൂടെ വില്‍പന നടത്തുന്നതിനു പുറമെ വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുതകുന്ന വിധത്തിലാണ് യൂനിറ്റ് പ്രവര്‍ത്തനക്ഷമമാക്കിയത്. അപേഡയുടെ അംഗീകാരമുള്ള പായ്ക്ക് ഹൗസുകളില്‍ പായ്ക്ക് ചെയ്ത ഉല്‍പന്നങ്ങള്‍ക്കു മാത്രമേ കയറ്റുമതി അനുവാദം ലഭിക്കുകയുള്ളൂ. എന്നാല്‍, ഇതിനായി സ്ഥാപിച്ച യന്ത്രങ്ങളും വാഹനങ്ങളും തുരുമ്പെടുത്തു നശിക്കുന്നതല്ലാതെ യൂനിറ്റ് ഏതു രീതിയില്‍ പ്രവര്‍ത്തിപ്പിക്കണമെന്നു പോലും ഇതുവരെ യാതൊരു രൂപവും കൃഷിവകുപ്പിനോ വിഎഫ്പിസി കൗണ്‍സിലിനോ ഇല്ലെന്നതാണ് യാഥാര്‍ഥ്യം.
Next Story

RELATED STORIES

Share it