ഉദുമയില്‍ വീണ്ടും ചുവപ്പ് ഉദിക്കുമോ ?

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

ഉദുമ: മണ്ഡലം രൂപീകരണത്തിനു ശേഷം സോഷ്യലിസ്റ്റിനും കോണ്‍ഗ്രസ്സിനും രണ്ട് തവണ അനുകുലമായ മണ്ഡലമാണ് ബേക്കല്‍ അന്താരാഷ്ട്ര ടൂറിസം കേന്ദ്രം ഉള്‍ക്കൊള്ളുന്ന ഉദുമ അസംബ്ലി മണ്ഡലം. 1977 ല്‍ രൂപംകൊണ്ട മണ്ഡലത്തില്‍ ആദ്യ തിരഞ്ഞെടുപ്പില്‍ പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ എന്‍ കെ ബാലകൃഷ്ണന്‍ ഭാരതീയ ലോക്ദളിലെ കെ ജി മാരാറെ 3,555 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി വിജയിച്ചു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി സിപിഎം അംഗങ്ങള്‍ മാത്രം ജയിക്കുന്ന ഈ മണ്ഡലത്തില്‍ ഇപ്രാവശ്യം യുഡിഎഫിനുവേണ്ടി കോണ്‍ഗ്രസ്സിലെ കെ സുധാകരനാണ് രംഗത്തുള്ളത്.
കണ്ണൂര്‍ ജില്ലയില്‍ പയറ്റിത്തെളിഞ്ഞ സുധാകരന്‍ ആവനാഴിയിലെ അവസാന അടവുമായാണ് ഉദുമയിലെ ചെങ്കൊടി മായ്ക്കാന്‍ രംഗത്തെത്തിയിട്ടുള്ളത്. കോണ്‍ഗ്രസ്സിലെ വിഭാഗീയതമൂലം പലപ്പോഴും മണ്ഡലം യുഡിഎഫിന് നഷ്ടപ്പെടുകയായിരുന്നു. എന്നാല്‍, ഇപ്രാവശ്യം ഇതിന് പരിഹാരമായി ലീഗിന്റെ ആവശ്യത്തെ തുടര്‍ന്നാണ് കണ്ണൂരില്‍ നിന്നുള്ള കെ സുധാകരനെ ഉദുമയില്‍ സ്ഥാനാര്‍ഥിയാക്കിയത്.
1980ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കെ പുരുഷോത്തമന്‍ പിഎസ്പിയിലെ എന്‍ കെ ബാലകൃഷ്ണനെ 5020 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി വിജയിച്ചു. 1982ല്‍ സിപിഎം സ്വതന്ത്രന്‍ എം കുഞ്ഞിരാമന്‍ നമ്പ്യാര്‍ മുസ്‌ലിം ലീഗിലെ പി മുഹമ്മദ് കുഞ്ഞിയെ 6600ല്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. എന്നാല്‍, 1987ല്‍ കോണ്‍ഗ്രസ്സിലെ കെ പി കുഞ്ഞിക്കണ്ണന്‍ സിപിഎമ്മിലെ അഡ്വ. കെ പുരുഷോത്തമനെ 7,845 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 1991 മുതല്‍ തുടര്‍ച്ചയായി ഈ മണ്ഡലം സിപിഎമ്മിനൊപ്പമാണ്.
1991ല്‍ സിപിഎമ്മിലെ പി രാഘവന്‍ സിറ്റിങ് എംഎല്‍എയായിരുന്ന കെ പി കുഞ്ഞിക്കണ്ണനെ 957 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 1996ല്‍ പി രാഘവന്‍ കോണ്‍ഗ്രസ്സിലെ കെ പി കുഞ്ഞിക്കണ്ണനെ 10,400 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 2001ല്‍ സിപിഎമ്മിലെ കെ വി കുഞ്ഞിരാമന്‍ കോണ്‍ഗ്രസ്സിലെ അഡ്വ. സി കെ ശ്രീധരനെ 9,564 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 2006ല്‍ കെ വി കുഞ്ഞിരാമന്‍ കോണ്‍ഗ്രസ്സിലെ പി ഗംഗാധരന്‍ നായരെ 17,294 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 2011ല്‍ സിപിഎമ്മിലെ കെ കുഞ്ഞിരാമന്‍ കോണ്‍ഗ്രസ്സിലെ അഡ്വ. സി കെ ശ്രീധരനെ 11,380 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. എസ്ഡിപിഐയിലെ ഫൈസല്‍ കോളിയടുക്കം 1265 വോട്ടുകള്‍ നേടി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ യുഡിഎഫ് 6,000ല്‍ പരം വോട്ടുകള്‍ക്ക് മുന്നിലാണ്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നിരവധി കാലം സിപിഎം ഭരിച്ചിരുന്ന ഉദുമ പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചു. മണ്ഡലത്തിലെ ചെമനാട്, മുളിയാര്‍, ഉദുമ പഞ്ചായത്തുകള്‍ യുഡിഎഫും പുല്ലൂര്‍-പെരിയ, പള്ളിക്കര, കുറ്റിക്കോല്‍, ബേഡകം, ദേലംപാടി പഞ്ചായത്തുകള്‍ എല്‍ഡിഎഫും ഭരിക്കുന്നു. സിറ്റിങ് എംഎല്‍എ കെ കുഞ്ഞിരാമന്‍ വീണ്ടും മല്‍സരത്തിനിറങ്ങിയ ഈ മണ്ഡലത്തില്‍ ബിജെപിക്ക് വേണ്ടി ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകാന്തും എസ്ഡിപിഐ സ്ഥാനാര്‍ഥി മുഹമ്മദ് പാക്യാരയും രംഗത്തുണ്ട്.
161 പോളിങ് സ്‌റ്റേഷനുകളിലായി 1,99,829 വോട്ടര്‍മാരാണുള്ളത്. 97,117 പുരുഷ വോട്ടര്‍മാരും 1,02,712 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. ജാതി വോട്ടുകള്‍ നിര്‍ണായകമാണ്. തീരദേശ, മലയോര മേഖല അതിര്‍ത്തി മേഖലകള്‍ ഉള്‍ക്കൊള്ളുന്നതാണ് മണ്ഡലം. കെ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഈമാസം 12ന് ഉദുമയില്‍ എത്തുന്നുണ്ട്. മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫ് എല്ലാ അടവുകളും പയറ്റുമ്പോള്‍ ചുവപ്പ് മായ്ക്കാനുള്ള തന്ത്രത്തിലാണ് യുഡിഎഫ്.
Next Story

RELATED STORIES

Share it