Flash News

ഉത്തര കൊറിയ വിട്ടയച്ച യുഎസ് വിദ്യാര്‍ഥി മരിച്ചു



വാഷിങ്ടണ്‍: ഉത്തര കൊറിയ തടവില്‍നിന്നു മോചിപ്പിച്ച 22കാരനായ യുഎസ് വിദ്യാര്‍ഥി ഒട്ടോ ഫെഡറിക് വാംബിയര്‍ (22) മരിച്ചു. ഒരു വര്‍ഷത്തിലേറെ തടവില്‍ കഴിഞ്ഞ വാംബിയര്‍ ഈ മാസം 13നാണ് മോചിതനായത്. ഭക്ഷ്യവിഷബാധയ്ക്കുള്ള മരുന്നു കഴിച്ചതിനെത്തുടര്‍ന്ന് നാളുകളായി അബോധാവസ്ഥയിലായിരുന്നു വാംബിയര്‍. ഉത്തര കൊറിയ വിട്ടയച്ചതിനെ തുടര്‍ന്ന് യുഎസിലെ ഒഹായോയില്‍ വിമാനമിറങ്ങിയ വാംബിയറിനെ സിന്‍സിനാറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഉത്തര കൊറിയന്‍ ഭരണകൂടം മകനെ കൊടിയ പീഡനങ്ങള്‍ക്കിരയാക്കിയെന്ന് വാംബിയറുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വിചാരണയ്ക്ക് തൊട്ടുപിന്നാലെ വാംബിയര്‍ അസുഖബാധിതനായെന്നും ഉറക്കഗുളിക കഴിച്ചതിനു ശേഷം അബോധാവസ്ഥയിലായെന്നുമാണ് ഉത്തര കൊറിയന്‍ അധികൃതരുടെ വിശദീകരണം.വിര്‍ജീനിയ സര്‍വകലാശാല വിദ്യാര്‍ഥിയായ വാംബിയര്‍ വിനോദ സഞ്ചാരിയായാണ് ഉത്തര കൊറിയയില്‍ എത്തിയത്. ഒരു ഹോട്ടലിലെ പ്രചാരണ ബാനര്‍ മോഷ്ടിച്ചെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത വാംബിയറെ കോടതി 15 വര്‍ഷം ലേബര്‍ ക്യാംപില്‍ പണിയെടുക്കാന്‍ ശിക്ഷിക്കുകയായിരുന്നു.   വാംബിയറെ മോചിപ്പിച്ചതിനു പിന്നാലെ ഉത്തര കൊറിയക്കെതിരേ  സൈബര്‍ ആക്രമണക്കുറ്റം യുഎസ് ആരോപിച്ചിട്ടുണ്ട്. യുവാവിന്റെ മരണത്തില്‍ ട്രംപ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ അനുശോചിക്കുകയും ഉത്തര കൊറിയന്‍ നടപടിയെ അപലപിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it