Flash News

ഉത്തര കൊറിയ : കോമയിലുള്ള യുഎസ് വിദ്യാര്‍ഥി മോചിതനായി



പ്യോങ്‌യാങ്: ഉത്തരകൊറിയ തടവിലാക്കിയ യുഎസ് വിദ്യാര്‍ഥി ഒട്ടോ വാംബിയറെ 17 മാസങ്ങള്‍ക്കു ശേഷം മോചിപ്പിച്ചു. ഒരുവര്‍ഷത്തോളമായി കോമയിലുള്ള 22കാരനായ വാംബിയറെ സിന്‍സിനാറ്റി സര്‍വകലാശാലയിലെ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചതായി രക്ഷിതാക്കള്‍ അറിയിച്ചു. യൂനിവേഴ്‌സിറ്റി ഓഫ് വിര്‍ജീനിയ ഓണേഴ്‌സിലെ വിദ്യാര്‍ഥിയായിരുന്നു വാംബിയര്‍.2016 ജനുവരിയിലാണു സര്‍ക്കാര്‍വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്യോങ്‌യാങ് വിമാനത്താവളത്തില്‍ വാംബിയര്‍ അറസ്റ്റിലായത്. 15 വര്‍ഷത്തെ കഠിന ജോലിക്കാണ് വാംബിയറെ ശിക്ഷിച്ചത്. 15 മാസത്തോളമായി ഇയാളെക്കുറിച്ച് ബന്ധുക്കള്‍ക്ക് വിവരമൊന്നും ലഭിച്ചിരുന്നില്ല. 2016ല്‍ വിചാരണയ്ക്കു പിന്നാലെ അസുഖബാധിതനായ ഇദ്ദേഹത്തിന് ഉറക്കഗുളിക നല്‍കിയതോടെ കോമയിലാവുകയായിരുന്നുവെന്നാണ് ഉത്തരകൊറിയന്‍ ഭാഷ്യം. വിമാനത്താവളത്തില്‍ തയ്യാറാക്കിനിര്‍ത്തിയ രണ്ട് മൊബൈല്‍ ഐസിയു യൂനിറ്റുകളാണ് യുവാവിന് അടിയന്തര ചികില്‍സ ലഭ്യമാക്കിയത്. ഇയാള്‍ കസ്റ്റഡിയിലിരിക്കെ ക്രൂരമായി മര്‍ദിക്കപ്പെട്ടതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പ്രത്യേക അംബാസഡര്‍ ജോസഫ് യുങ് കൊറിയയിലെത്തി മാനുഷിക പരിഗണനയില്‍ യുവാവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെടുകയും നയതന്ത്രബന്ധം ഉപയോഗപ്പെടുത്തുകയും ചെയ്തതോടെയാണു യുവാവിന്റെ മോചനത്തിനു വഴിതുറന്നത്.
Next Story

RELATED STORIES

Share it