ഉത്തര കൊറിയയെ ലോക രാഷ്ട്രങ്ങള്‍ ഉപരോധിക്കണമെന്നു യുഎസ്‌

ന്യൂയോര്‍ക്ക്: അത്യാധുനിക ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയ ഉത്തര കൊറിയയുമായുളള നയതന്ത്ര-വ്യാപാര ബന്ധങ്ങള്‍ എല്ലാ രാജ്യങ്ങളും റദ്ദാക്കണമെന്നു യുഎസിന്റെ യുഎന്‍ അംബാസഡര്‍ നിക്കി ഹാലി. മിസൈല്‍ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍  അടിയന്തര യുഎന്‍ രക്ഷാസമിതി യോഗത്തിലാണ് യുഎസ്  ആവശ്യം ഉന്നയിച്ചത്്. ഉത്തര കൊറിയക്ക് എണ്ണ നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പെങിനോട് യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടതായും നിക്കിഹാലി രക്ഷാസമിതിയില്‍ അറിയിച്ചു. യുദ്ധത്തിന് യുഎസ് ആഗ്രഹിക്കുന്നില്ല. എന്നാല്‍, അതുണ്ടായാല്‍ ഉത്തര കൊറിയന്‍ നേതൃത്വത്തെ നിശ്ശേഷം നശിപ്പിക്കുമെന്നും ഹാലി മുന്നറിയിപ്പ് നല്‍കി.   യുഎസ് പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പെങ്ങും തമ്മില്‍ ടെലിഫോണ്‍ വഴി സംസാരിച്ചിരുന്നു. ഉത്തര കൊറിയക്കുമേല്‍ ഇനിയും ഉപരോധം ഏര്‍പ്പെടുത്തണമെന്നും സാഹചര്യത്തെ നേരിടണമെന്നും ജിന്‍ പെങ്ങിനോടു സംസാരിച്ചതായി ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഉത്തരകൊറിയ പ്രകോപനം തുടരുന്നത് മേഖലയെ അസ്ഥിരപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു.എന്നാല്‍, യുഎസിന്റെ വാദങ്ങളെ റഷ്യയ എതിര്‍ത്തു. പ്യോങ്യാങിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടെന്ന്് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലൈവിറോസ് അറിയിച്ചു. ബുനാഴ്ചയാണ് ഉത്തര കൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയത്്. പുതിയ മിസൈല്‍ യുഎസിനെ പൂര്‍ണമായും തകര്‍ക്കാന്‍ ശേഷിയുള്ളതാണെന്ന് ഉത്തര കൊറിയ അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന് അടിയന്തര രക്ഷാസമിതിയോഗം വിളിക്കാന്‍ യുഎസും ദക്ഷിണ കൊറിയയും ജപ്പാനും ആവശ്യപ്പെടുകയായിരുന്നു. അതേസമയം, ഉത്തര കെറിയ മിസൈല്‍ പരീക്ഷണം നടത്തിയതിനു പിന്നാലെ യുഎസ്, ചൈനാ സൈനിക മേധാവിമാര്‍ സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും റിപോര്‍ട്ടുണ്ട്. മേഖലയിലെ സുരക്ഷ സംബന്ധിച്ച് ചൈന കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it