World

ഉത്തര കൊറിയയുടെ ചെലവുകള്‍ വഹിക്കുമെന്ന് ദക്ഷിണ കൊറിയ


സോള്‍: ശീതകാല ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഉത്തര കൊറിയന്‍ താരങ്ങളുടെ ചെലവുകള്‍ വഹിക്കുമെന്നു ദക്ഷിണ കൊറിയ. ഭക്ഷണം, താമസം എന്നീ ചെലവുകളാണ് വഹിക്കുക. കൂടാതെ, വിജയികള്‍ക്ക് നല്‍കാനായി 2.86 ബില്യണ്‍ ഡോളര്‍ ബജറ്റില്‍ മാറ്റിവയ്ക്കുകയും ചെയ്തു.
ഉത്തര കൊറിയയില്‍ നിന്നു മല്‍സരാര്‍ഥികളടക്കം 400ലധികം പേരാണ് ദക്ഷിണ കൊറിയയിലെ പ്യോങ്ചാങ്ങില്‍ എത്തിയിരിക്കുന്നത്. ഇതില്‍ ഭൂരിപക്ഷം പേരും ഒളിംപിക്‌സ് വേദികള്‍ക്കടുത്തുള്ള ആഡംബര ഹോട്ടലുകളിലാണ് താമസിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ട്. ഉത്തര കൊറിയയില്‍ നിന്നുള്ള 22 കായിക താരങ്ങളുടെ ചെലവ് വഹിക്കുന്നത് അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയാണ്. കായികതാരങ്ങള്‍ക്കൊപ്പം എത്തിയ ഉന്നത ഉത്തര കൊറിയന്‍ പ്രതിനിധികളുടെ ചെലവുകള്‍ വഹിക്കുന്നത് ദക്ഷിണ കൊറിയയാണ്. ഒളിംപിക്‌സില്‍ ഉത്തര കൊറിയക്ക് അനുകൂലമായി നിലപാടെടുത്ത ദക്ഷിണ കൊറിയക്കെതിരേ രാജ്യത്തിനകത്തു നിന്നുതന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇരുരാജ്യങ്ങളും ഒരു കൊടിക്ക് കീഴില്‍ പങ്കെടുക്കുന്നത് ദക്ഷിണ കൊറിയന്‍ താരങ്ങളുടെ അവസരങ്ങള്‍ നഷ്ടമാവാന്‍ ഇടയാക്കുമെന്നായിരുന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
ശീതകാല ഒളിംപിക്‌സുമായി ബന്ധപ്പെട്ട് ഇരുകൊറിയകളുമായുള്ള ബന്ധം ലോകം ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. 2002ല്‍ ബുസാനില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 600ഓളം ഉത്തര കൊറിയക്കാരുടെ ചെലവുകള്‍ ദക്ഷിണ കൊറിയ വഹിച്ചിരുന്നു.

Next Story

RELATED STORIES

Share it