Kottayam Local

ഈരാറ്റുപേട്ട നഗരസഭ പ്രഥമ ബജറ്റ് അവതരിപ്പിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയുടെ കന്നി ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ കുഞ്ഞുമോള്‍ സിയാദ് അവതരിപ്പിച്ചു. 66.57 കോടി രൂപ വരവും 62.81 കോടി ചെലവും, 3.76 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2016-17 സാമ്പത്തിക വര്‍ഷത്തെ ബജറ്റാണ് അവതരിപ്പിച്ചത്.
ഭവനരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭവനം, കുടിവെള്ളം, വൈദ്യുതി, ആരോഗ്യ പരിപാലനം, സമ്പൂര്‍ണ ക്ഷേമ പെന്‍ഷന്‍ വിതരണം, സമഗ്ര വിദ്യാഭ്യാസ പുരോഗതി, ആസൂത്രിത നഗരവികസനം എന്നിവ ലക്ഷ്യംവെച്ച് ദീര്‍ഘകാല വികസന പുരോഗതി മുന്നില്‍ കണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചത്. വസ്തു നികുതി വര്‍ധിപ്പിക്കാതെ കെട്ടിട നിര്‍മാണ ചട്ടം ലംഘനമുള്ള കെട്ടിടങ്ങള്‍ക്ക് അണ്‍ ഓതറെസ്ഡ് നമ്പര്‍ നല്‍കി തനത് ഫണ്ട് വര്‍ധിപ്പിച്ചും പരമാവധി കേന്ദ്ര സംസ്ഥാന ഗ്രാന്റുകള്‍ ലഭ്യമാക്കിയും എംപി, എംഎല്‍എ ഫണ്ടുകള്‍ ക്രോഡീകരിച്ചുമാണ് പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുള്ളത്.
മഞ്ചാടിതുരുത്തിയില്‍ മുനിസിപ്പല്‍ ഓഫിസ്, നിലവിലുള്ള സ്വകാര്യ ബസ് സ്റ്റാന്‍ഡ് മുസ്‌ലിം ഗേള്‍സ് സ്‌കൂളിനു സമീപം മാറ്റി നിര്‍മിക്കും, നിലവില്‍ ബസ് സ്റ്റാന്‍ഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആധുനിക ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കാന്‍ ബജറ്റില്‍ പദ്ധതി വിഭാവനം ചെയ്തു. ടൗണിലെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരം എന്ന നിലയ്ക്ക് മുക്കട-അങ്കളമ്മന്‍ കോവില്‍-വില്ലേജ് ഓഫിസ് ജങ്ഷന്‍ 'വൈ' മോഡല്‍ കോസ്‌വേ നിര്‍മിക്കും. നിര്‍മാണം പൂര്‍ത്തിയാവുന്ന തടവനാല്‍ ബൈപാസ് മുതല്‍ മുഹിയിദ്ദീന്‍ പള്ളി ജങ്ഷന്‍ വരെ റിവര്‍ വ്യൂ റോഡ് നടപ്പാത, വിശ്രമകേന്ദ്രം, വെട്ടിക്കുന്ന ചെക്ക് ഡാം, നടപ്പാത നിര്‍മാണം, തേവരുപാറ ഡംപിങ് യാര്‍ഡില്‍ മലിനീകരണ പ്ലാന്റ്, നഗരസഭാ സ്റ്റേഡിയം, നിര്‍മാണം തുടങ്ങിയ ജനോപകാര പ്രദമായ വിവിധ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക കൊള്ളിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാല്‍ പ്രോജക്ടുകളുടെ പ്രഖ്യാപനം ഉള്‍പ്പെടുന്ന വിശദമായ ബജറ്റ് അവതരണം ചട്ടലംഘനമാവുന്നതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം വിശദമായ ബജറ്റ് സമര്‍പ്പിക്കുമെന്നു ബജറ്റ് അവതരിപ്പിച്ച് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കുഞ്ഞുമോള്‍ സിയാദ് പറഞ്ഞു. വാര്‍ഡ് സഭകള്‍ പൂര്‍ത്തിയാക്കുകയും വര്‍ക്കിങ് ഗ്രൂപ്പുകള്‍ ചേര്‍ന്നും വികസന സെമിനാര്‍ സംഘടിപ്പിച്ചും ഈരാറ്റുപേട്ട നഗരസഭ ബഹുദൂരം മുന്നേറുമെന്ന് നഗരസഭാ ചെയര്‍മാന്‍ ടി എം റഷീദ് പറഞ്ഞു.
ദീര്‍ഘ വീക്ഷണത്തോടും വികസന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്നതുമായ പ്രഥമ ബജറ്റിനെ സ്വാഗതം ചെയ്യുന്നതായി എസ്ഡിപിഐ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സുബൈര്‍ വെള്ളാപ്പള്ളില്‍ പറഞ്ഞു. ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ് ആണെന്നും സമയബന്ധിതമായി ബജറ്റ് അവതരിപ്പിക്കുന്നതില്‍ ഭരണപക്ഷം പരാജയപ്പെട്ടതായും പ്രതിപക്ഷ നേതാവ് വി എം സിറാജും കൗണ്‍സിലര്‍ വി പി നാസറും പറഞ്ഞു. മുനിസിപ്പല്‍ സെക്രട്ടറി പി എം അബ്ദുല്‍ സമദ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി കെ കബീര്‍, ഷൈലാ സലിം, പി എച്ച് ഹസീബ്, ഹസീന ഫൈസല്‍, കൗണ്‍സിലര്‍മാരായ എന്‍ ബിനു നാരായണന്‍, പി എം അബ്ദുല്‍ ഖാദര്‍, ബീമാ നാസര്‍, നിസാര്‍ കുര്‍ബാനി സംസാരിച്ചു.
Next Story

RELATED STORIES

Share it