Kottayam Local

ഈരാറ്റുപേട്ട ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

ഈരാറ്റുപേട്ട: ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു. അനധികൃത പാര്‍ക്കിങും ചില ഓട്ടോറിക്ഷകളുടെ ചുറ്റിക്കറക്കവും ഗതാഗതക്കുരുക്കിനു കാരണമാവുന്നു. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നു പുറപ്പെടുന്ന ബസ്സുകള്‍ ടൗണിലൂടെ ഇഴഞ്ഞാണ് നീങ്ങുന്നത്. നിശ്ചിത സ്റ്റോപ്പില്‍ നിര്‍ത്തി ആളെ കയറ്റാവൂ എന്ന തീരുമാനം അട്ടിമറിച്ച് ടൗണില്‍ എവിടെ കൈ കാണിച്ചാലും നിര്‍ത്തി ആളെ കയറ്റുന്നത് നിത്യകാഴ്ചയാണ്.
ഗതാഗത സംവിധാനത്തിന് ഈരാറ്റുപേട്ടയില്‍ ട്രാഫിക്ക് പോലിസിന്റെ ഒരു യൂനിറ്റ് ആരംഭിക്കണമെന്ന ആവശ്യത്തിന് ഇതുവരെ പരിഹാരമായില്ല. സ്‌കൂള്‍ സമയത്ത് എങ്കിലും (രാവിലെയും വൈകീട്ടും) ടൗണില്‍ കൂടുതല്‍ പോലിസിനെയോ ഹോം ഗാര്‍ഡുകളെയോ നിയമിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. ഹോം ഗാര്‍ഡുകളുടെ സേവനം ഇല്ലാത്ത ജില്ലയിലെ ഏക ടൗണ്‍ ഈരാറ്റുപേട്ട മാത്രമാണ്.
ടൗണിലെ കുരിക്കള്‍ നഗര്‍-തെക്കേക്കര കോസ്‌വേയില്‍ അനധികൃത പാര്‍ക്കിങ് മൂലം ഇതുവഴിയുള്ള ഗതാഗതം പലപ്പോഴും സ്തംഭനാവസ്ഥയിലാണ്. ഈ റോഡില്‍ രാവിലെ മുതല്‍ റോഡിന് ഇരുവശവും പാര്‍ക്കിങ് തുടങ്ങും.
Next Story

RELATED STORIES

Share it