ഇഹ്‌സാന്‍ ജഫ്‌രി സഹായം തേടി അവസാനം വിളിച്ചത് മോദിയെ

ന്യൂഡല്‍ഹി: ചമന്‍പുര ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ വീട്ടില്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജഫ്‌രി സഹായം തേടി വിളിച്ചത് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ. ഫോണെടുത്ത മോദി ജഫ്‌രി യെ അപമാനിക്കുകയാണ് ചെയ്തതെന്ന് അത് കണ്ടുനിന്ന ഭാര്യ സാകിയാ ജഫ്‌രി വെളിപ്പെടുത്തുന്നു. ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ ജഫ്‌രിയുടെ വീട്ടില്‍ അഭയം തേടിയ മുസ്‌ലിംകളെ പുറത്ത് സംഘടിച്ച ഹിന്ദുത്വ ആക്രമികള്‍ അക്രമിക്കുമെന്ന സാഹചര്യം വന്നപ്പോഴായിരുന്നു അദ്ദേഹം മോദിയെ സഹായം അഭ്യര്‍ഥിച്ചു വിളിച്ചത്.
അഭയാര്‍ഥികളെ കൊലപ്പെടുത്തുമെന്നായപ്പോള്‍ തന്നെ കൊന്നോളൂ എന്നാല്‍, അവരെ വെറുതെ വിടണമെന്ന് അഭ്യര്‍ഥിച്ച് ജഫ്‌രി അക്രമികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. ജഫ്‌രിയെ കൈകാലുകള്‍ വെട്ടി കത്തിച്ചു കൊന്ന അക്രമികള്‍ അഭയാര്‍ഥികളെ ക്രൂരമായി കൊലപ്പെടുത്തി. സ്ത്രീകളെ ബലാല്‍സംഗം ചെയ്തു. മുകളില്‍ ഒളിച്ചിരുന്നതിനാല്‍ സാകിയ ജഫ്‌രി യും കൂടെ ഏതാനും പേരും രക്ഷപ്പെട്ടു.
അക്രമികള്‍ പോയശേഷം വീടിനു പുറത്തിറങ്ങിയപ്പോള്‍ താന്‍ കണ്ടത് സാകിയ വിവരിക്കുന്നുണ്ട്. ഗര്‍ഭിണിയായ സ്ത്രീയുടെ വയറു കീറി കുഞ്ഞിന്റെ തല പുറത്തേക്ക് വന്ന നിലയിലായിരുന്നു. അവരെല്ലാം ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെടുകയും ചെയ്തിരുന്നു.
69 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മോദിയുള്‍പ്പെടെയുള്ള ഉന്നതരുടെ പങ്ക് പുറത്തു കൊണ്ടുവരാന്‍ 14 വര്‍ഷം നീണ്ട നിയമപോരാട്ടമാണ് സാകിയ ജഫ്‌രി നടത്തിയത്. അക്രമത്തില്‍ പങ്കുള്ള ഉന്നതരുടെ പേരും സാകിയ നല്‍കി. എന്നാല്‍, ഇവരില്‍ ഭൂരിഭാഗവും സ്വാധീനമുപയോഗിച്ച് രക്ഷപ്പെട്ടു. ജഫ്‌രിയുടെ വീടിന് ഒരു കിലോമീര്‍ അകലെയായിരുന്നു പോലിസ് സ്‌റ്റേഷന്‍. നിരന്തരം വിളിച്ചിട്ടും അവര്‍ എത്തിയില്ല. പോലിസ് ഉന്നത ഉദ്യോഗസ്ഥര്‍, പോലിസ് മേധാവി, ആഭ്യന്തരമന്ത്രി തുടങ്ങി നിരവധി പേരെ വിളിച്ചു. ആറു മണിക്കൂറോളം ആക്രമണം നടത്തിയാണ് അക്രമികള്‍ പിരിഞ്ഞു പോയത്.
അക്രമത്തില്‍ നേരിട്ടും അല്ലാതെയും പങ്കെടുത്ത മോദിയുള്‍പ്പെടെ 62 പേരുടെ ലിസ്റ്റുമായി സാകിയ 2006 ജൂണില്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സജീവമാവുന്നത്. 2007ല്‍ ഹൈക്കോടതി ഹരജി തള്ളി. എന്നാല്‍, സുപ്രിംകോടതിയെ സമീപിച്ചു. 2008ല്‍ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട 9 കേസുകള്‍ പുനരന്വേഷിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടു. ഇതിലൊന്ന് ഗുല്‍ബര്‍ഗ് സൊസൈറ്റി കേസായിരുന്നു. ഇതിനായി സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ സുപ്രിംകോടതി നേരിട്ട് നിയോഗിച്ചിരുന്നു.
Next Story

RELATED STORIES

Share it