ഇസ്രായേല്‍ ക്രൂരത തുറന്നുകാട്ടി 10 വയസ്സുകാരി ഫലസ്തീന്‍ 'മാധ്യമപ്രവര്‍ത്തക'

വെസ്റ്റ്ബാങ്ക്: ഇസ്രായേല്‍ ക്രൂരത ലോകത്തിനു മുന്നില്‍ തുറന്നുകാട്ടി ഫലസ്തീനിലെ 10 വയസ്സുകാരി മാധ്യമപ്രവര്‍ത്തക ജന്ന ജിഹാദ്. ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മാധ്യമപ്രവര്‍ത്തക താനാണെന്നു അവകാശപ്പെടുകയാണ് ഈ കാമറ പോരാളി. ഇസ്രായേല്‍ ക്രൂരതയോടു താന്‍ പൊരുതുന്നത് കാമറയിലൂടെയാണെന്നും തോക്കുകൊണ്ടല്ലെന്നും ജന്ന ജിഹാദ് അയാദ് ലോകത്തോടു പറയുന്നു.
അധിനിവേശ വെസ്റ്റ്ബാങ്കിലെ നബി സലേഹ് എന്ന പ്രദേശത്താണു ജന്നയുടെ താമസം. ഇസ്രായേല്‍ അധിനിവേശത്തിനെതിരായ പ്രതിഷേധപ്രകടനങ്ങളില്‍ സജീവമാണ് ഈ കൊച്ചുമിടുക്കി. ഏഴാം വയസ്സിലാണ് ജന്ന മാധ്യമപ്രവര്‍ത്തനത്തിലേക്കു ചുവടുവച്ചത്. ഇസ്രായേലിന്റെ കൊടും പീഡനങ്ങള്‍ ലോകത്തിനു മുമ്പില്‍ കാണിക്കാന്‍ ഫലസ്തീനിലെ പല മാധ്യമപ്രവര്‍ത്തകരും മടിക്കുന്ന അവസരത്തിലാണു ജന്ന കാമറയുമായി യുദ്ധഭൂമികളിലേക്ക് ഇറങ്ങിയത്.
ജന്നയുടെ അമ്മാവനായ ബിലാല്‍ തമീമി ഫോട്ടോഗ്രാഫറാണ്. ബിലാല്‍ നിര്‍മിച്ച ഇസ്രായേല്‍ അതിക്രമങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയാണ് ജന്നയ്ക്കു പ്രചോദനമായത്. ഞങ്ങളുടെ ഭൂമിയില്‍ നിന്നു ഞങ്ങളെ പുറത്താക്കാന്‍ അവര്‍ നടത്തുന്ന അധിനിവേശം, പട്ടാളക്കാര്‍, പീരങ്കികള്‍, പോലിസ് ഇവയുടെ ചിത്രം താന്‍ ലോകത്തിനു മുമ്പില്‍ എത്തിക്കുകയാണെന്ന് ജന്ന ജിഹാദ് അല്‍ജസീറാ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അമ്മാവനായ റുഷ്ദി തമീമി, മറ്റൊരു ബന്ധുവായ മുസ്തഫാ തമീമി എന്നിവരുടെ കൊലപാതകവും ജന്നയെ ഈ മേഖലയിലേക്ക് എത്തിക്കുന്നതിനു കാരണമായി. കൊലയ്ക്കു പിന്നില്‍ ഇസ്രായേല്‍ ആക്രമണങ്ങളായിരുന്നു.
ഇസ്രായേലിനെതിരേ പ്രതിഷേധിക്കുന്ന കൊച്ചുകുട്ടികളുള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുക്കുന്നതും ഉപദ്രവിക്കുന്നതും വെടിവയ്ക്കുന്നതുമെല്ലാം ജന്നയുടെ വീഡിയോകളിലെ കാഴ്ചകളാണ്.
Next Story

RELATED STORIES

Share it