World

ഇറാന്‍ സൈന്യത്തിന്് ഒരുങ്ങിയിരിക്കാന്‍ നിര്‍ദേശം

തെഹ്‌റാന്‍: സൈന്യത്തോട് യുദ്ധത്തിന് ഒരുങ്ങിയിരിക്കാന്‍ ഇറാന്‍ നിര്‍ദേശം നല്‍കി. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ആണു സൈന്യത്തോട് ഒരുങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടത്. യുദ്ധത്തിനു നിലവില്‍ സാധ്യതയില്ല. എന്നാല്‍ എല്ലാ തരത്തിലും ഒരുങ്ങിയിരിക്കാനാണു രാജ്യത്തെ വിവിധ സായുധ വിഭാഗങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തത്. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഒരുങ്ങിയിരിക്കാനും ആള്‍ബലവും ആയുധ വിന്യാസവും കൂടുതല്‍ കരുത്തുറ്റതാക്കാനുമുള്ള പരമോന്നത നേതാവിന്റെ നിര്‍ദേശമുണ്ടായത്. വ്യോമസേനയോടാണ് ഇക്കാര്യത്തില്‍ പ്രത്യേക ആഹ്വാനം. എതിരാളികളെ നേരിടുന്നതില്‍ മുന്‍പന്തിയിലുള്ളതു വ്യോമസേനയാണ്. അതിനാല്‍ ഏതു സാഹചര്യവും നേരിടാനുള്ള സൗകര്യങ്ങളും തയ്യാറെടുപ്പും അവര്‍ക്ക് ഉണ്ടായിരിക്കണം- ഇറാന്റെ വ്യോമ പ്രതിരോധ ദിനത്തോടനുബന്ധിച്ചുള്ള സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി. ആണവ കരാറില്‍ നിന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍മാറിയതിനും ഇറാനെതിരേ ഉപരോധം ആരംഭിച്ചതിനു ശേഷമുണ്ടായ ഇറാന്റെ വ്യോമ പ്രതിരോധ ദിനത്തിലാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. യുഎസ് കരാറില്‍ നിന്നു പിന്‍മാറിയതിനെ തുടര്‍ന്ന് രാജ്യത്തിനുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ഉചിതമായ പരിഹാര പാക്കേജ് നല്‍കണമെന്നു യൂറോപ്യന്‍ രാജ്യങ്ങളോട് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. യുഎസ് ഉപരോധമുണ്ടായിട്ടും യൂറോപ്യന്‍ രാജ്യങ്ങളുടെ ഭാഗത്തു നിന്നു സഹായകരമായ നടപടികളൊന്നുമുണ്ടായില്ലെങ്കില്‍ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് ഇറാന്റെ മുന്‍ വിദേശകാര്യ മന്ത്രി കമാല്‍ ഖരാസിയും മുന്നറിയിപ്പു നല്‍കിയിരുന്നു. യുഎസ് ഉപരോധത്തെ മറികടക്കാന്‍ സഹായിക്കുന്ന തരത്തില്‍ സാമ്പത്തിക പാക്കേജ് യൂറോപ്പ് പ്രഖ്യാപിച്ചാല്‍ മാത്രം 2015ലെ ആണവ കരാറില്‍ തുടരാമെന്ന നിലപാടിലാണ് ഇറാന്‍. ബാലിസ്റ്റിക്, ക്രൂസ് മിസൈല്‍ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇറാനെന്നു കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ യുദ്ധവിമാനങ്ങളും അന്തര്‍ വാഹിനികളും വാങ്ങാനും നീക്കമുണ്ട്. ഇറാന്റെ സൈനികശക്തിയാണ് രാജ്യത്തെ ആക്രമിക്കുന്നതില്‍ നിന്നു യുഎസിനെ പിന്തിരിപ്പിക്കുന്നതെന്നു കഴിഞ്ഞമാസം ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കിയിരുന്നു.



Next Story

RELATED STORIES

Share it