ernakulam local

ഇരുളിന്റെ മറവില്‍ ഓട്ടോറിക്ഷ കൊള്ള; കലക്ടര്‍ നിരത്തിലിറങ്ങി



കാക്കനാട്: സിറ്റിയില്‍ ഇരുളിന്റെ മറവില്‍ നടക്കുന്ന ഓട്ടോറിക്ഷ കൊള്ളക്കെതിരേ നടപടിയുമായി ജില്ലാ കലക്ടര്‍ മുഹമ്മത് സഫീറുല്ല നിരത്തിലിറങ്ങി. 275 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 1,14,300 രൂപ പിഴ ചുമത്തി. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലും വൈറ്റിലയിലുമാണ് കലക്ടര്‍ പരിശോധിക്കാന്‍ എത്തിയത്. ഡിറ്റിസി കെ ജി സാമുവല്‍, ആര്‍ടിഒമാരായ സാദിഖ് അലി, സുരേഷ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരും കലക്ടറോടൊപ്പം ഉണ്ടായിരുന്നു. പിടികൂടിയ ഓട്ടോറിക്ഷകള്‍ അധികവും അനധികൃതമായി സര്‍വീസ് നടത്തുന്നതാണെന്ന് കണ്ടെത്തി. ഇവയെല്ലാം സിറ്റി പെര്‍മിറ്റില്ലാത്തതും ഫിറ്റ്‌നസ്, ഇന്‍ഷുറന്‍സ് ഇല്ലാത്തതും ഫെയര്‍മീറ്റര്‍ ഇല്ലാത്തതുമാണെന്ന് കണ്ടെത്തി. അമിത ചാര്‍ജാണ് ഈടാക്കുന്നതെന്നും അറിയാന്‍ കഴിഞ്ഞതായി ആര്‍ടിഒ പറഞ്ഞു. സിറ്റിക്കു പുറത്തുള്ള ഓട്ടോറിക്ഷകള്‍ വാടകയ്ക്ക് എടുത്ത് ഓടുന്നവരാണ് അധികവും. രാത്രിയില്‍ മാത്രമാണ് ഇവര്‍ സര്‍വീസ് നടത്തുകയുള്ളൂ. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ ഓട്ടോറിക്ഷകള്‍ കലക്ടറേറ്റ് കാംപസിലേക്കും ബന്ധപ്പെട്ട പോലിസ് സ്‌റ്റേഷനിലേക്കും മാറ്റി. മോട്ടോര്‍ വാഹന വകുപ്പിലെ നാല്‍പതോളം ഉദ്യോഗസ്ഥര്‍ പത്ത് സ്‌ക്വാഡുകളായി തിരിഞ്ഞാണ് വിവിധയിടങ്ങളില്‍ പരിശോധനയ്്ക്കായി എത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം ആറു മുതല്‍ രാത്രി പന്ത്രണ്ടു വരെയാണ് പരിശോധന നടത്തിയത്.
Next Story

RELATED STORIES

Share it