kannur local

ഇരിണാവ് പാലം നിര്‍മാണം ഉടന്‍

ചെറുകുന്ന്: കല്യാശ്ശേരി, മാട്ടൂല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇരിണാവ് പാലം നിര്‍മാണപ്രവൃത്തി ആരംഭിക്കുന്നതിന്റെ മുന്നോടിയായി ടി വി രാജേഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. 50 വര്‍ഷത്തിലധികം പഴക്കമുള്ള ഇരിണാവ് ഡാം പാലത്തിനു സമീപം പുതിയ പാലം നിര്‍മിക്കാനുള്ള അനുമതി ലഭിച്ചിട്ട് എട്ടുവര്‍ഷമായി. 2009ല്‍ മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി പുതിയ പാലത്തിനായി 9.25 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതാണ്. പിന്നീട് 12.75 കോടി രൂപ പുതുക്കിനല്‍കി രൂപരേഖയും തയ്യാറാക്കി. എന്നാല്‍, അപ്രോച്ച് റോഡിനുള്ള സ്ഥലം കണ്ടെത്തി അനുമതി വാങ്ങാന്‍ കാലതാമസം നേരിട്ടു.
പാലവും അപ്രോച്ച് റോഡും നിര്‍മിക്കാനുള്ള സ്ഥലം തടസ്സമില്ലാതെ ലഭ്യമായാല്‍ മാത്രമേ ടെന്‍ഡര്‍ ആരംഭിക്കൂവെന്ന് പറഞ്ഞിരുന്നു. എന്നാല്‍, സ്ഥലം സൗജന്യമായി വിട്ടുകൊടുക്കാന്‍ ഉടമകള്‍ തയ്യാറായില്ല. ഇതോടെ ഉത്തരവിന്റെ കാലാവധി കഴിഞ്ഞു. പിന്നീട് ഭൂമി ഏറ്റെടുക്കല്‍ നടപടി പുനരാരംഭിച്ചു. ഇതിനായി 42,38,517 രൂപ അനുവദിച്ചിരുന്നു.
16.45 കോടി രൂപയുടെ പുതിയ ഭരണാനുമതി പാലം നിര്‍മാണത്തിനായി നല്‍കി. അപ്രോച്ച് റോഡിന് ചെറുകിട ജലസേചന വകുപ്പിന്റെ സ്ഥലവും ഏറ്റെടുക്കും. ഇതിന് ജലവിഭവ വകുപ്പിന്റെ അനുമതി ലഭിച്ചിരുന്നു. 134 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പാലത്തിന് 11 മീറ്റര്‍ വീതിയും 7 തൂണുകളും 22.32 മീറ്ററില്‍ 6 സ്പാനുകളും ഉണ്ടാവും.
ഇരുഭാഗത്തും 12080 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡ് നിര്‍മിക്കും. 1964ല്‍ പ്രദേശത്തെ കൃഷി ആവശ്യത്തിനായി നിര്‍മിച്ചതാണ് മടക്കര ഡാം പാലം. പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ പി വിനോദ് കുമാര്‍, ജില്ലാ പഞ്ചായത്തംഗം പി പി ഷാജിര്‍, സിപിഎം പാപ്പിനിശ്ശേരി ഏരിയാ സെക്രട്ടറി ടി ചന്ദ്രന്‍, പി പി കുഞ്ഞിക്കണ്ണന്‍ എന്നിവരും എംഎല്‍എയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it