kannur local

ഇരിട്ടി പാലം നിര്‍മാണം : മണ്ണൊലിപ്പ് തടയാന്‍ പുഴയില്‍ കരിങ്കല്‍ മതില്‍ നിര്‍മിച്ചു



ഇരിട്ടി: ഇരിട്ടിയില്‍ പുതുതായി നിര്‍മിക്കുന്ന പാലത്തിന്റെ പൈലിങ് പ്രവൃത്തിക്ക് ഭീഷണിയായ പുഴയിലെ മണ്ണൊലിപ്പ് തടയാനായി പുഴയില്‍ ഗാബിയന്‍ മതില്‍ നിര്‍മിച്ചു. കാലവര്‍ഷം ആരംഭിച്ചതോടെ പുഴയിലെ നീരൊഴുക്ക് ശക്തമായതോടെ പൈലിങ് പ്രവൃത്തിക്കായി പുഴയില്‍ നിക്ഷേപിച്ച മണ്ണ് ശക്തമായ ഒഴുക്കില്‍ പുഴയിലേക്ക് ഇടിഞ്ഞതോടെ പൈലിങ് അപകടത്തിലായി. മണ്ണ് സംരക്ഷിക്കുന്നതിനായി പുഴയില്‍ കരിങ്കല്‍ ഇരുമ്പു വലയില്‍ പൊതിഞ്ഞ് അട്ടിയട്ടിയായി നിരത്തിയുള്ള സംരക്ഷണ ഭിത്തിയാണ് നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ മലവെള്ളപ്പാച്ചലില്‍ ഇരുകരകളിലും വെള്ളത്തിലുമായി മണ്ണിട്ട് ഉയര്‍ത്തിയ ഭാഗം ഒഴുകിപ്പോയിരുന്നു. ഇത് നിര്‍മാണത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് ഗാബിയന്‍ രീതിയില്‍ പുഴയില്‍ മതില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. പുതിയ പാലത്തിനായി ഇരുകരകളിലും ഒരോ തൂണ്‍ നിര്‍മിച്ചിരുന്നു. പുഴയില്‍ നിര്‍മിക്കേണ്ട തൂണിന്റെ പൈലിങാണ് മണ്ണൊലിപ്പ് മൂലം അപകട ഭീഷണിയിലായത്. 48 മീറ്റര്‍ നീളത്തില്‍ മൂന്ന് തൂണുകളിലായി നിര്‍മിക്കുന്ന പാലത്തിന് ആകെ 144 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമാണുള്ളത്. പാലത്തിന്റെ ഉയരം 23 മീറ്ററാണ്. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച നിലവിലുള്ള പാലത്തിന് സമാന്തരമായാണ് പുതിയ പാലവും നിര്‍മിക്കുന്നത്. പാലത്തിന്റെ നിര്‍മാണം വൈകാതിരിക്കാനാണ് പുതിയ രീതിയില്‍ മതില്‍ നിര്‍മിച്ചത്.
Next Story

RELATED STORIES

Share it