thrissur local

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം : തെക്കേ നടവഴി അടച്ചുകെട്ടിയത് പൊളിക്കാന്‍ ഉത്തരവ്



ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം തെക്കേ നടവഴി അടച്ചുകെട്ടിയത് പൊളിക്കാന്‍ ഉത്തരവ്. കേരള പട്ടികജാതി, പട്ടികവര്‍ഗ കമ്മിഷന്‍ ചെയര്‍മാന്‍ പി എന്‍ വിജയകുമാറിന്റെതാണ് ഉത്തരവ്. കോണ്‍ക്രീറ്റ് തൂണുകളും മറ്റു നിര്‍മാണങ്ങളും ഉത്തരവ് കിട്ടി രണ്ടാഴ്ചയ്ക്കുള്ളില്‍ നീക്കം ചെയ്യാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. നടവഴി പഴയനിലയിലാക്കി വിവരം കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്. നടവരമ്പ് കുന്നത്തുവീട്ടില്‍ കെ ആര്‍ തങ്കമ്മ, സ്വതന്ത്ര പുലയമഹാസഭാ പ്രസിഡന്റ് ടി കെ ആദിത്യകുമാര്‍ എന്നിവര്‍ കമ്മിഷന് നല്‍കിയ പരാതിയിന്‍മേലാണ് നടപടി. തൃശൂര്‍ ആര്‍ഡിഒ, കൂടല്‍മാണിക്യം ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍, സെക്രട്ടറി, നഗരസഭാ സെക്രട്ടറി എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു പരാതി. പെരുവല്ലിപ്പാടത്ത് താമസിക്കുന്ന നൂറോളം പട്ടികജാതി കുടുംബങ്ങള്‍ക്കുള്ള വഴിയാണെന്നും സഞ്ചാരസ്വാതന്ത്രം തടയുന്നുവെന്നുമായിരുന്നു പരാതി.എസ്‌സി-എസ്ടി കമ്മിഷന്‍ ചെയര്‍മാന്‍ പരാതിയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 22ന് ക്ഷേത്രത്തിലെത്തി തെളിവെടുപ്പ് നടത്തി. ദേവസ്വത്തോടും നഗരസഭയോടും രേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. വിശദമായ പരിശോധനയുടെയും തെളിവെടുപ്പിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനം. പൗരാവകാശം സംരക്ഷിക്കണമെന്നും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന പരിരക്ഷ ഉറപ്പാക്കണമെന്നുമുള്ള പ്രധാന കോടതിവിധികളും കമ്മിഷന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2015 ഏപ്രിലിലാണ് കിഴക്കേ ഗോപുരത്തിന്റെ തെക്കുഭാഗത്ത് ഒരടിയോളം ഉയരത്തിലും കലാനിലയത്തിന് മുന്നില്‍ വഴി ചേരുന്ന ഭാഗത്ത് അഞ്ചടി ഉയരത്തിലും കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചത്.
Next Story

RELATED STORIES

Share it