Flash News

ഇരയുടെ പേര് വെളിപ്പെടുത്തിയതിന് പിന്നില്‍ ഗൂഢോദ്ദേശ്യം : വനിതാ കമ്മീഷന്‍



കൊച്ചി/ തിരുവനന്തപുരം: അക്രമത്തിനിരയായ നടിയുടെ പേര് പ്രമുഖ നടന്‍ വെളിപ്പെടുത്തിയത് അങ്ങേയറ്റം തെറ്റും  അവരെ ആക്രമിക്കുന്നതിനു തുല്യമാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. നടപടിക്കു പിന്നില്‍ ഗൂഢോദ്ദേശ്യം ഉണ്ടെന്നാണ് വ്യക്തമാവുന്നത്. നടിയെക്കുറിച്ച് ചലച്ചിത്ര താരങ്ങളായ ദിലീപും സലിംകുമാറും നടത്തിയ പരാമര്‍ശം പരിശോധിക്കപ്പെടേണ്ടതാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.  അക്രമത്തിന് നേതൃത്വം നല്‍കിയ ആളും ഇരയായ നടിയും തമ്മില്‍ ദീര്‍ഘകാലമായി പരിചയത്തിലായിരുന്നുവെന്ന തരത്തില്‍ പ്രമുഖനടന്‍ നടത്തിയ പരാമര്‍ശം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. യാതൊരു സത്യസന്ധതയും സാമൂഹിക ധാരണയുമില്ലാതെ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയതിനു പിന്നില്‍ ഗൂഢോദ്ദേശ്യമുണ്ട്. ഇതുമായി ബന്ധപ്പെട്ട് വേണ്ടിവന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് ആക്രമത്തിനിരയായ നടി പറഞ്ഞത് അവരോട് തനിക്ക് പറയാനുള്ളത് വേണ്ടി വന്നാല്‍ അല്ല, നിയമനടപടി സ്വീകരിക്കണമെന്നാണെന്ന് എം സി ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു. എന്ത് മനസ്സിലാക്കിയിട്ടാണ് ദിലീപും സലീംകുമാറും ഇങ്ങനെ പ്രതികരിക്കുന്നതെന്നും അവര്‍ ചോദിച്ചു.  ഇരകളുടെ പേര് വെളിപ്പെടുത്താന്‍ പാടില്ലെന്ന സുപ്രിംകോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് അക്രമത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയത്. അവര്‍ക്കെതിരേ പോലിസ് കേസെടുക്കണമെന്നും എം സി ജോസഫൈന്‍ പറഞ്ഞു.  അക്രമസംഭവമുണ്ടായതിനു ശേഷം നടി സ്വീകരിച്ച നടപടികള്‍ അഭിനന്ദനാര്‍ഹമാണ്. ചലച്ചിത്രമേഖലയില്‍ വനിതാ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത് നല്ലകാര്യമാണ്. ഇക്കാര്യത്തില്‍ അവര്‍ അമ്മയെന്ന സംഘടനയുടെ മുന്നില്‍ ഓച്ചാനിച്ചു നില്‍ക്കാന്‍ പാടില്ലെന്നും എം സി ജോസഫൈന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it