malappuram local

ഇരകള്‍ക്ക് ആശ്വാസമായി താലൂക്ക് അദാലത്ത്: അഞ്ച് അപേക്ഷകളില്‍ നടപടിയായി

പെരിന്തല്‍മണ്ണ: വിവിധ സാങ്കേതിക കുരുക്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ട ഇരകള്‍ക്ക് ആശ്വാസമായി താലുക്ക് അദാലത്ത്. എപിഎല്ലില്‍ നിന്ന് ബിപിഎല്‍ കാര്‍ഡ് മാറ്റത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കില്ലെന്നറിയാതെയാണ് ചെറുകര സ്വദേശിയായ ഉമ്മുഖുല്‍സു മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ പരാതി പരിഹാര അദാലത്തില്‍ പങ്കെടുക്കാനെത്തിയത്.
അരയ്ക്കു കീഴ്‌പോട്ട്  പൂര്‍ണ ശരീരമില്ലാതെ വീല്‍ ചെയറിലെ അവളുടെ നിസഹായാവസ്ഥ കണ്ട് കലക്ടറുടെ മനസ്സലിഞ്ഞു. വേദിയില്‍ നിന്നിറങ്ങി അടുക്കല്‍ ചെന്ന് പരാതി കേട്ടു. റേഷന്‍ കാര്‍ഡിലെ തെറ്റിന് ഉടനടി തിരുത്തല്‍ അനുവദിച്ചുകൊണ്ട് താലൂക്ക് സ്‌പ്ലൈ ഓഫിസര്‍ക്ക് നിര്‍ദേശവും നല്‍കി. ഹൃദ്രോഗിയായ ആനമങ്ങാട് സ്വദേശി ചോഴി ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തതിന് ജപ്തി നടപടികള്‍ നേരിട്ടു കൊണ്ടിരിക്കുകയായിരുന്നു. ജപ്തി നടപടികള്‍ക്ക് രണ്ടു മാസത്തിന് സ്റ്റേയും ഇന്‍സ്റ്റാള്‍മെന്റും ജില്ലാ കലക്ടര്‍ അനുവദിച്ചു. ഏലംകുളം പഞ്ചായത്തിലെ രാമഞ്ചാടി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് സമീപം സര്‍ക്കാര്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന തടയണ പദ്ധതി ദോഷകരമല്ലാത്ത രീതിയില്‍ നിര്‍മിക്കണമെന്ന് മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ആലിപ്പറമ്പ് സ്വദേശിനി മൈമൂനയ്ക്ക്  ലൈഫ് മിഷന്‍ പ്രകാരം വീട് അനുവദിച്ചു നല്‍കാനും ജില്ലാ ലൈഫ് മിഷന് കളക്ടര്‍ നിര്‍ദേശം നല്‍കി.
79 പരാതികളാണ് ജനസമ്പര്‍ക്കത്തില്‍ ആകെ ലഭിച്ചത്. 57 എണ്ണം ജനസമ്പര്‍ക്ക വേദിക്കരികില്‍ പ്രത്യേകം തയ്യാറാക്കിയ കൗണ്ടറില്‍ നേരിട്ടെത്തി സമര്‍പ്പിച്ചവയാണ്. പഞ്ചായത്ത് 10, റവന്യൂ 15, മുന്‍സിപ്പാലിറ്റി 6, കൃഷി 5, സഹകരണം 1, സാമൂഹ്യനീതി 3, കോര്‍പ്പറേഷന്‍ 1, എംപ്ലോയ്‌മെന്റ് 4, താലൂക്ക് സപ്ലൈ ഓഫിസ് 1, വാട്ടര്‍ അതോറിറ്റി 1, ഇറിഗേഷന്‍ 11 ന്യൂനപക്ഷ വിദ്യാഭ്യാസം 1, മലിനീകരണ നിയന്ത്രണ ബോര്‍ഡ് 1, ലീഡ് ബാങ്ക് വായ്പ 1, പട്ടികജാതി വികസനം 1, കെഎസ്ഇബി 3, പോലിസ് സ്റ്റേഷന്‍ 1 എന്നിങ്ങനെയാണ് ലഭിച്ച പരാതികള്‍. ഓണ്‍ ലൈനായി ലഭിച്ചത് 22 പരാതികളും. താലൂക്ക് ഓഫിസില്‍ കിട്ടിയ 15 എണ്ണത്തില്‍  12 പരാതികള്‍ക്കും മറുപടി നല്‍കി. 7 പരാതികള്‍ ഓണ്‍ലൈനായി വിവിധ ഡിപാര്‍ട്ട് മെന്റുകളിലേയ്്ക്ക് നേരിട്ടാണ് അയച്ചിട്ടുള്ളത്. പെരിന്തല്‍മണ്ണയില്‍ ഇതുരണ്ടാം തവണയാണ് ജനസമ്പര്‍ക്കം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ലഭിച്ച പരാതികളില്‍ 95 ശതമാനവും ഇതിനോടകം പരിഹരിക്കാന്‍ സാധിച്ചു. ഭൂമി  സംബന്ധമായ കേസുകള്‍ മാത്രമാണ് അല്‍പം കാലതാമസം നേരിട്ടിട്ടുള്ളത്. കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ കലക്ടര്‍ അമിത് മീണ സംസാരിച്ചു.
ജനങ്ങള്‍ ഉദ്യോഗസ്ഥരെ തേടി ഓഫിസുകളിലേയ്ക്കു വരുന്നത് മാറി ഉദ്യോഗസ്ഥര്‍ ജനങ്ങളിലേയ്‌ക്കെത്തിച്ചേരാനാണ് ജനസമ്പര്‍ക്കം  ശ്രമിക്കുന്നതെന്ന്് താലൂക്ക് തഹസില്‍ദാര്‍ എന്‍ എം മെഹറലി പറഞ്ഞു. പരാതിയുമായി ബന്ധപ്പെട്ട കക്ഷികള്‍ക്ക് 15 ദിവസത്തിനകം തന്നെ  മറുപടി നല്‍കാനാണ് വിവിധ വകുപ്പുകളോട് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചതെന്ന് ഡെപ്യൂട്ടി കലക്ടര്‍ എ നിര്‍മലകുമാരി അറിയിച്ചു. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it