kozhikode local

ഇരകളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍

മലപ്പുറം: ദേശീയപാത സ്ഥലമേറ്റെടുപ്പ് സര്‍വേയും ഇതര നടപടിക്രമങ്ങളും ജില്ലയിലെ എന്‍എച്ച് ഇരകളോടുള്ള കടുത്ത വിവേചനത്തിന്റെ നേര്‍സാക്ഷ്യമാണെന്ന് എന്‍എച്ച് ആക്്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം, എന്‍എച്ച് സംരക്ഷണ സമിതി ജില്ലാ ചെയര്‍മാന്‍ ഡോ: ആസാദ്, കണ്‍വീനര്‍ പി കെ പ്രദീപ് മേനോന്‍ എന്നിവര്‍ ആരോപിച്ചു.
എആര്‍ നഗര്‍ പഞ്ചായത്തിലെ അരീതോടും വലിയപറമ്പിലും ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്ന ഇരകളുടെ ശക്തമായ പ്രതിഷേധം പോലിസിനെ കയറൂരി വിട്ട് മര്‍ദിച്ചൊതുക്കിയ നടപടി അതിക്രൂരമാണ്. എന്നാല്‍, അവിടെ മാത്രം സര്‍വേ നിര്‍ത്തിവച്ച് മൂന്നിയൂരിലും തേഞ്ഞിപ്പലത്തും കനത്ത പോലിസ് ബന്തവസ്സില്‍ സര്‍വേ തുടര്‍ന്നത് ജനകീയ പ്രതിഷേധങ്ങളെ തീര്‍ത്തും അവഗണിക്കുന്ന നടപടിയാണ്. മാത്രമല്ല, മലപ്പുറത്ത് നടന്നുവരുന്ന കടുത്ത പ്രതിഷേധങ്ങള്‍ മുന്‍നിര്‍ത്തി കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഈയാഴ്ച തുടങ്ങാനിരുന്ന സ്ഥലമേറ്റെടുപ്പ് സര്‍വേ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍, മലപ്പുറത്ത് ജനങ്ങളെ ഭയപ്പെടുത്തി സര്‍വേ തുടരുന്നത് കടുത്ത വിവേചനമാണ്. 1956ലെ ദേശീയപാത ആക്ട് വകുപ്പ് 3 സി പ്രകാരം നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചതിനുശേഷം ബാധിക്കപ്പെടുന്നവര്‍ക്ക് പരാതി നല്‍കുന്നതിനുള്ള സാവകാശം കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഇരകള്‍ക്ക് അനുവദിച്ചപ്പോള്‍ മലപ്പുറത്തെ ഇരകള്‍ക്ക് ഈ അവകാശം നിഷേധിച്ചത് ഇരട്ടനീതിക്ക് ഉദാഹരണമാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.  മലപ്പുറത്തെ ഇരകള്‍ പരാതിയോടൊപ്പം ഈ വര്‍ഷത്തെ പുതിയ നികുതി രശീതി ഹാജരാക്കണമെന്ന് നിഷ്‌കര്‍ഷിച്ചത് മലപ്പുറത്തോടുള്ള ഇരട്ടത്താപ്പിന്റെ ഉദാഹരണവുമാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it