Idukki local

ഇന്ന് ലോക ഗജരാജദിനം ; ആനസൗഹൃദത്തിനും ആനച്ചൂരിനുമിടയില്‍ 60 വര്‍ഷം



തോമസ് ജോസഫ്

തൊടുപുഴ: ആനച്ചൂരിനും ആന സൗഹൃദത്തിനു മിടയില്‍ 60 വര്‍ഷം പോയതറിഞ്ഞില്ല തൊടുപുഴ കാരിക്കോട് ഉണ്ടപ്ലാവ് കൊല്ലംപറമ്പില്‍ കാസിമിന്. ആറ് ആനകളുടെ പാപ്പാനായും ആറ് ആനകളുടെ പരിപാലകനായും കാസിം ഇതിനകം സേവനം അനുഷ്ഠിച്ചു. ഇപ്പോള്‍ തൊടുപുഴ ശിവനന്ദന്റെ പാലകനാണ് 72കാരനായ കാസിം. ശിവനന്ദന്റെ പാലകനായിട്ട് മൂന്നു വര്‍ഷമായി. ഇത് 16ാമത് വര്‍ഷമാണ് തൊടുപുഴ മുണ്ടയ്ക്കല്‍ രാജേഷിന്റെ ആനകളുടെ തോഴനായി കാസിം സേവനം അനുഷ്ഠിക്കുന്നത്.  തിരിഞ്ഞുനോക്കുമ്പോള്‍ ആകെ സന്തോഷം തോന്നുന്നു കാസിമിന്. ആനകളുമൊത്ത് ഒട്ടേറെ നാടുകള്‍ ചുറ്റിക്കണ്ടു. പണ്ട് കൂപ്പില്‍ ഏറെ പണികളുണ്ടായിരുന്നു. ഇപ്പോള്‍ കൂപ്പ് പണികളില്ല. ആനകള്‍ക്ക് ക്ഷേത്രോല്‍സവങ്ങള്‍ മാത്രമേയുള്ളൂ. വൃശ്ചികം പിറന്നാല്‍ ഉല്‍സവങ്ങള്‍ തുടങ്ങുകയായി. അതോടെ ശിവനന്ദനും കാസിമിനും തിരക്കാവുന്നു. ആനയ്ക്ക് പനമ്പട്ട, ഔഷധങ്ങള്‍, കുളി തുടങ്ങിയവയാണ് പരിപാലകന്റെ ഡ്യൂട്ടി.മുഹമ്മദ് കണ്ണ്- സാറ ദമ്പതികളുടെ മകനാണ് കാസിം. കാസിം-സുബൈദ ദമ്പതികള്‍ക്ക് അഞ്ച് മക്കളാണ്. മൂന്ന് ആണും രണ്ട് പെണ്ണും. എല്ലാവരും വിവാഹിതര്‍. 60 വര്‍ഷംകൊണ്ട് നേടിയതൊക്കെയും ആനയിലൂടെ. ഹജ്ജ് ചെയ്യണമെന്ന ആഗ്രഹം ഏറെ നാളായി മനസ്സില്‍ താലോലിച്ചിരുന്നു. അത് ഇത്തവണ സാധിച്ചതിന്റെ ധന്യതയിലാണ് കാസിം. ഹജ്ജ് കര്‍മം കഴിഞ്ഞ് സപ്തംബര്‍ 29നാണ് മടങ്ങിയെത്തിയത്. ഇനി ശിവനന്ദന്റെ പരിപാലനയിലേക്ക്.
Next Story

RELATED STORIES

Share it