kannur local

ഇന്ന് അര്‍ധരാത്രി മുതല്‍ ബസ് തൊഴിലാളി പണിമുടക്ക്



കണ്ണൂര്‍: വിഷുവിനു മുമ്പുള്ള ബോണസും 2016 സപ്തംബര്‍ മുതലുള്ള ഡിഎയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ സ്വകാര്യബസ് തൊഴിലാളികള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് ബസ് തൊഴിലാളികള്‍ പണിമുടക്കുന്നത്.2016-17 വര്‍ഷത്തെ കസ്റ്റമറി ബോണസ് വിതരണം ചെയ്യുക, 2016 ഒക്ടോബര്‍, 2017 ഏപ്രില്‍ എന്നീ രണ്ടു ഗഡു ഡിഎ വര്‍ധന അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്. സംയുക്ത സമരസമിതി ഇതുസംബന്ധിച്ചു നല്‍കിയ പരാതിയെ തുടര്‍ന്നു ജില്ലാ ലേബര്‍ ഓഫിസര്‍ മൂന്നുതവണ യോഗം വിളിച്ചെങ്കിലും ബസ്സുടമകള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് പണിമുടക്കിലേക്കു നീങ്ങുന്നതെന്നാണു തൊഴിലാളി യുനിയനുകളുടെ വാദം. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് ജില്ലയിലെ സ്വകാര്യബസ് ജീവനക്കാര്‍ക്കു ബോണസ് ലഭിച്ചിരുന്നു. 1958 മുതല്‍ ഓരോ വര്‍ഷവും ബസ്സുടമ സംഘടന പ്രതിനിധികളുമായി ചര്‍ച്ച ചെയ്തുണ്ടാക്കുന്ന ശതമാനം നിശ്ചയിച്ചു ബോണസ് നല്‍കിവരികയാണു പതിവ്. 1965ല്‍ ബോണസ് ആക്റ്റ് വരുന്നതിനു മുമ്പും ശേഷവും കസ്റ്റമറി ബോണസ് എന്ന നിലയില്‍ ആവശ്യപ്പെടുകയും ചര്‍ച്ച ചെയ്തു പരസ്പര വിട്ടുവീഴ്ചയോടെ ബോണസ് കൊടുത്തുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കുറി ചര്‍ച്ചയ്ക്കു തയ്യാറാവാതെ ബസ്സുടമകള്‍ മുന്നോട്ടുപോവുന്നതാണ് പണിമുടക്കിനു നിര്‍ബന്ധിതരാക്കിയതെന്നാണു തൊഴിലാളികളുടെ വാദം.അതേസമയം, പണിമുടക്ക് അംഗീകരിക്കാനാവില്ലെന്നാണ് ബസ് ഓപററ്റേഴ്‌സ് അസോസിയേഷന്റെ വാദം. ജില്ലയിലെ 95 ശതമാനം തൊഴിലാളികള്‍ക്കും ബോണസ് ആക്ട് ബാധകമല്ലെന്നും ഉല്‍സവ ബത്ത എന്ന പേരില്‍ നിശ്ചിത തുക നല്‍കാന്‍ തയ്യാറാണെന്നുമാണ് ബസ്സുടമസ്ഥ സംഘം പറയുന്നത്. പുതുക്കിയ ബോണസ് ആക്റ്റ് പ്രകാരം 20ല്‍ കൂടുതല്‍ തൊഴിലാളികലുള്ള സ്ഥാപനത്തില്‍ മാത്രമേ ബോണസിന് അര്‍ഹതയുള്ളൂ. ഇതനുസരിച്ചുള്ള അപേക്ഷയില്‍ ഹൈക്കോടതി തങ്ങള്‍ക്ക് അനൂകൂലമായി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാരിനെയും ജില്ലാലേബര്‍ ഓഫിസറെയും അറിയിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ നടത്തുന്ന സമരവുമായി യോജിക്കാനാവില്ലെന്നും ബസ് ഓപറേറ്റഴ്‌സ് അസോസിയേഷന്‍ പറയുന്നു.
Next Story

RELATED STORIES

Share it