kasaragod local

ഇന്ധന വില: നികുതി കൊള്ളയ്‌ക്കെതിരേ നിരത്തുകള്‍ നിശ്ചലമാക്കല്‍ സമരം നാളെ

കാസര്‍കോട്: പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിര്‍ണയാധികാരം കോര്‍പറേറ്റുകളില്‍ നിന്ന് തിരിച്ചുപിടിക്കുക, എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ നാളെ സംസ്ഥാന വ്യാപകമായി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുകയാണ്. അന്താരാഷ്്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ ഗണ്യമായ കുറവുണ്ടായിട്ടും രാജ്യത്ത് ഇന്ധനവില അനിയന്ത്രിതമായി കുതിച്ചുയരുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ അമിത വിലക്ക് കാരണം ഇന്ധനവിലയിലെ അനിയന്ത്രിതമായ വില വര്‍ധനവാണ്. സാധാരണക്കാരന്റെ ജീവിത ചെലവ് ഉയരുന്നതിനും കുടുംബ ബജറ്റ് താളം തെറ്റുന്നതിനും ഇന്ധനവില വര്‍ധനവ് കാരണമായിരുന്നിട്ടും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കിക്കൊണ്ടിരിക്കുന്ന അമിത നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ല.
കേന്ദ്രം എക്‌സൈസ് നികുതിയായും സംസ്ഥാനം മൂല്യവര്‍ധിത നികുതിയായും ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇതിനെതിരെ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി നാളെ രാവിലെ 9.30 മുതല്‍ 9.40 വരെ 10 മിനിറ്റ് സമയം നിരത്തുകള്‍ നിശ്ചലമാക്കല്‍ സമരം നടത്തുകയാണെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി ജില്ലയില്‍ മഞ്ചേശ്വരം ഹൊസങ്കടിയിലും, കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്തും, തൃക്കരിപ്പൂര്‍ ടൗണിലും വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കുന്ന സമരത്തിന് നേതൃത്വം നല്‍കുകയാണ്.
ജനങ്ങളെ കൊള്ള ചെയ്യുന്ന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ജനകീയ പ്രതിഷേധത്തില്‍ 10 മിനിറ്റ് സമയം വാഹനങ്ങള്‍ നിരത്തില്‍ നിര്‍ത്തിയിട്ട് സഹകരിച്ച് ഈ പ്രതിഷേധസമരത്തെ വിജയിപ്പിക്കണമെന്നും കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെ പിന്തുണയും ഉണ്ടാവണമെന്നും അഭ്യര്‍ഥിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍യു അബദുല്‍ സലാം.  ഖജാഞ്ചി ഇഖ്ബാല്‍ ഹൊസങ്കടി, സെക്രട്ടറി ഖാദര്‍ അറഫ സംബന്ധിച്ചു.
Next Story

RELATED STORIES

Share it