ഇന്ധന വിലവര്‍ധന നേരിടേണ്ടത് ചെലവു ചുരുക്കി:ബിജെപി മന്ത്രി

ജയ്പൂര്‍: വര്‍ധിച്ചുവരുന്ന ഇന്ധനവിലയെ സംസ്ഥാനങ്ങള്‍ നേരിടേണ്ടത് ചെലവു ചുരുക്കിയിട്ടെന്നു രാജസ്ഥാന്‍ ബിജെപി മന്ത്രി. ഇന്ധന വിലവര്‍ധനയ്‌ക്കെതിരേയും രൂപയുടെ മൂല്യത്തകര്‍ച്ചയ്‌ക്കെതിരേയും രാജ്യമെങ്ങും പണിമുടക്ക് നടന്ന ദിവസത്തിലാണ് ചെലവ് ചുരുക്കി ജീവിക്കണമെന്ന വിചിത്ര ഉപദേശവുമായി മന്ത്രി രാജ്കുമാര്‍ റിന്‍വ രംഗത്തെത്തിയത്. ചുരു ജില്ലയിലെ എംഎല്‍എ ആയ റിന്‍വ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ ചുമതലയുള്ള സഹമന്ത്രിയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതിനാലാണ് ഇന്ധനവില വര്‍ധിക്കുന്നത്. അതിനാല്‍, സംസ്ഥാനങ്ങള്‍ തങ്ങളുടെ ചെലവുകള്‍ കുറയ്ക്കണം. അങ്ങനെയേ ഇന്ധന വിലവര്‍ധനയെ നേരിടാനാവൂ- മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്ധന വിലവര്‍ധന മൂലം സാധാരണക്കാര്‍ ബുദ്ധിമുട്ടുമ്പോഴാണ് ബിജെപി നേതാക്കള്‍ ധാര്‍ഷ്ഠ്യത്തോടെ പ്രതികരിക്കുന്നത്. ഇതിന്റെ ഉദാഹരണങ്ങളാണ് ഇത്തരം മന്ത്രിയുടെ പ്രസ്താവനയെന്നു കോണ്‍ഗ്രസ് നേതാവ് സചിന്‍ പൈലറ്റ് പറഞ്ഞു.

Next Story

RELATED STORIES

Share it