Flash News

ഇന്ധന വിലവര്‍ധന ഉടനെ പിന്‍വലിക്കണം: പിബി യോഗം



ന്യൂഡല്‍ഹി: 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനായുള്ള കരട് രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖ ഇന്നലെ നടന്ന സിപിഎം പോളിറ്റ്ബ്യൂറോ യോഗം ചര്‍ച്ച ചെയ്തു. ഒക്ടോബര്‍ 14 മുതല്‍ 16 വരെ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഇത് അവതരിപ്പിക്കുമെന്നു പിബി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്തെ ഇന്ധനവിലവര്‍ധന ഉടനെ പിന്‍വലിക്കണമെന്ന് പോളിറ്റ്ബ്യൂറോ യോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യാന്തര വിപണിയില്‍ എണ്ണവില വന്‍തോതില്‍ ഇടിഞ്ഞിട്ടും മോദി സര്‍ക്കാര്‍ വീണ്ടും ഇന്ധനവില വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ രാജ്യാന്തര വിപണിയില്‍ എണ്ണവില 85 ശതമാനത്തോളം ഇടിഞ്ഞു. ഇതിന്റെ പ്രയോജനം ജനങ്ങള്‍ക്കു കൊടുക്കാതെ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ 125 ശതമാനം കൂട്ടുകയാണ് ചെയ്തത്. തദ്ഫലമായി കേന്ദ്രത്തിന്റെ വരുമാനം കനത്ത തോതില്‍ ഉയര്‍ന്നു. ഇന്ധനവിലക്കയറ്റത്തിന്റെ ഫലമായി സര്‍വ മേഖലകളിലും ഉണ്ടാവുന്ന പണപ്പെരുപ്പം രാജ്യത്തെ ബഹുഭൂരിപക്ഷത്തെയും ബുദ്ധിമുട്ടിക്കുമ്പോള്‍ തന്നെയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉയര്‍ന്നുവരുകയും രാജ്യത്തെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുകയും ചെയ്ത കര്‍ഷകപ്രക്ഷോഭങ്ങളെ പോളിറ്റ്ബ്യൂറോ പ്രകീര്‍ത്തിച്ചു. ഉല്‍പാദനച്ചെലവിന്റെ ഒന്നര മടങ്ങ് മിനിമം സംഭരണവിലയും കടാശ്വാസവും നല്‍കുമെന്ന തിരഞ്ഞെടുപ്പു വാഗ്ദാനം മോദി സര്‍ക്കാര്‍ ഉടനെ നടപ്പാക്കണം. കാര്‍ഷികോല്‍പന്നങ്ങള്‍ സര്‍ക്കാര്‍ മിനിമം താങ്ങുവിലയില്‍ സംഭരിക്കുമെന്ന് ഉറപ്പാക്കുന്ന കേന്ദ്രനിയമം പാസാക്കണമെന്ന് പിബി ആവശ്യപ്പെട്ടു. ട്രേഡ് യൂനിയനുകളും കര്‍ഷകപ്രസ്ഥാനങ്ങളും യുവജനങ്ങളും പോരാട്ടങ്ങള്‍ക്കും വന്‍ മുന്നേറ്റങ്ങള്‍ക്കും ആഹ്വാനം നല്‍കിയിട്ടുണ്ട്. വിവിധ ഇടതുപക്ഷ ബഹുജന സംഘടനകളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും സംയുക്ത വേദിയായി ജന്‍ ഏക്താ ജന്‍ അധികാര്‍ ആന്ദോളനു രൂപം നല്‍കിയിരിക്കുന്നു. സര്‍ക്കാരിന്റെ ദ്രോഹകരമായ സാമ്പത്തിക നയങ്ങള്‍ക്ക് ഇരകളായ  പ്രതിഷേധങ്ങളില്‍ അണിചേരണമെന്ന് പോളിറ്റ്ബ്യൂറോ ആഹ്വാനം ചെയ്തു.കോണ്‍ഗ്രസ്സുമായി രാഷ്ട്രീയ ബന്ധം വേണ്ടെന്ന നിലപാടാണ് ഇന്നലെ നടന്ന പോളിറ്റ്ബ്യൂറോ യോഗത്തില്‍ എടുത്തതെന്നാണ് റിപോര്‍ട്ട്. ഇതു സംബന്ധിച്ച തീരുമാനം അടുത്തയാഴ്ച ചേരുന്ന കേന്ദ്ര കമ്മിറ്റിയില്‍ വയ്ക്കാനും തീരുമാനിച്ചു. കോണ്‍ഗ്രസ്സുമായി തിരഞ്ഞെടുപ്പുസഖ്യമാകാമെന്ന നിലപാടാണ് യെച്ചൂരി മുന്നോട്ടുവച്ചിരുന്നത്. യെച്ചൂരിയുടെ അതേ നിലപാട് തന്നെയാണ് ബംഗാള്‍ ഘടകത്തിനുമുള്ളത്. നേരത്തെയും കോണ്‍ഗ്രസ് സഖ്യമെന്ന ആവശ്യം ബംഗാള്‍ ഘടകം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, കേരള ഘടകവും  മറ്റ് അംഗങ്ങളും കോണ്‍ഗ്രസ് ബന്ധം ആവശ്യമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖയിലുള്ള ചര്‍ച്ചയിലാണ് വിഷയം പരിശോധിച്ചത്. ഇതുസംബന്ധിച്ച് കഴിഞ്ഞ മാസം ചേര്‍ന്ന പോളിറ്റ്ബ്യൂറോ യോഗത്തില്‍ ധാരണയിലെത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.
Next Story

RELATED STORIES

Share it