wayanad local

ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ എസ്ഡിപിഐ പ്രതിഷേധം നാളെ

കല്‍പ്പറ്റ: ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ നാളെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടുകൊണ്ട് എസ്ഡിപിഐ പ്രതിഷേധിക്കുമെന്നു സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ധന വില കുറക്കുന്നതിനുള്ള ശ്രമങ്ങള്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ നടത്തുന്നില്ല. നികുതിയിനത്തില്‍ ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ചേര്‍ന്ന് ഒരു ലിറ്റര്‍ പെട്രോളിന് 39 രൂപയും ഡീസലിന് 30 രൂപയും നികുതി ഈടാക്കുകയാണ്. പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താതെ കുത്തക കമ്പനികള്‍ക്ക് വില നിയന്ത്രണാധികാരം കൊടുത്തിരിക്കുകയാണ്. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ഈ പകല്‍ക്കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്നു.
ഒരു ലിറ്റര്‍ പെട്രോളിന് 64 രൂപ വിലയുള്ളപ്പോള്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 120 ഡോളറായിരുന്നു. എന്നാല്‍, ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 68 ഡോളര്‍ വിലയുള്ളപ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് 75 രൂപയില്‍ അധികമാണ് വില. എക്‌സൈസ് നികുതി കുറയ്ക്കുക, പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിയന്ത്രണാധികാരം കോര്‍പറേറ്റുകളില്‍ നിന്നും തിരിച്ചുപിടിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചും സര്‍ക്കാരുകളുടെ ഈ കൊള്ളയ്‌ക്കെതിരേയും നാളെ രാവിലെ 9.30 മുതല്‍ 9.40 വരെ പത്ത് മിനിറ്റ് സമയം വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കും. സമരത്തില്‍ എല്ലാ ജനങ്ങളും പങ്കെടുക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കമ്മിറ്റി അംഗം സുബൈര്‍ കല്‍പ്പറ്റ, മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ കരീം മുട്ടില്‍, മെഹ്‌റൂഫ് പാറോല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it