ഇന്ദിരാഭവനിലെ പുതിയ നാഥന്‍

മധ്യമാര്‍ഗം - പരമു

കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമായ തിരുവനന്തപുരത്തെ ഇന്ദിരാഭവനില്‍ ആരാവും പുതിയ നാഥന്‍? ഡല്‍ഹിയില്‍ നിന്നു കെട്ടിയിറക്കുന്ന കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ മുമ്പൊരിക്കലും ഇത്രമാത്രം ആശങ്കയുണ്ടായിട്ടില്ല. ദേശീയതലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇത്തിരി തിളക്കം കൂടിവരുന്ന സന്ദര്‍ഭത്തില്‍ മാറിമാറി അധികാരം കിട്ടുന്ന കേരളത്തിലെ പിസിസി അധ്യക്ഷന് ഒരു നിലയും വിലയുമുണ്ടല്ലോ? രാഹുല്‍ജിയാണ് ഇനി കാര്യങ്ങളൊക്കെ നിശ്ചയിക്കുക. ഗുജറാത്ത് തിരഞ്ഞെടുപ്പു ഫലം വന്നതോടെ രാഹുല്‍ജിയുടെ കരങ്ങള്‍ക്ക് ശക്തി വര്‍ധിച്ചിട്ടുമുണ്ട്. സോണിയാജിയാവുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് ചില മെച്ചങ്ങളുണ്ടായിരുന്നു. കേരള നേതാക്കള്‍ക്ക് 10ാം നമ്പര്‍ ജന്‍പഥില്‍ കയറാന്‍ പാസ് സംഘടിപ്പിച്ചുകൊടുക്കുന്ന ഒരാളുണ്ടായിരുന്നു- സോണിയാജിയുടെ പിഎ കോട്ടയം സ്വദേശി ജോര്‍ജ്. പിന്നെ ഗുജറാത്തുകാരനായ രാഷ്ട്രീയകാര്യ സെക്രട്ടറി അഹ്മദ് പട്ടേലിനു മലയാളം സംസാരിക്കാന്‍ അറിയില്ലെങ്കിലും കേട്ടാല്‍ നല്ലപോലെ മനസ്സിലാവും. അലൂമിനിയം പട്ടേല്‍ എന്നു പരിഹസിച്ചുവിളിച്ച കെ മുരളീധരനെ പോലും സ്‌നേഹംകൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന മഹാമനസ്‌കന്‍. മലയാളികളുടെ മറ്റൊരു ഭാഗ്യം ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ എ കെ ആന്റണി അവര്‍കളാണ്. അദ്ദേഹം ആരെപ്പറ്റി എന്തുപറഞ്ഞാലും സോണിയാജി അതിനൊക്കെ തലയാട്ടിയിട്ടേയുള്ളു. അതുകൊണ്ടു തന്നെ കേരളത്തില്‍ പ്രസിഡന്റുമാരെ കെട്ടിത്താഴ്ത്തുന്നതില്‍ കമ്പക്കയര്‍ പിടിച്ചു രസിക്കാന്‍ ആന്റണിക്കു കഴിഞ്ഞിരുന്നു. വയലാര്‍ജിയാണെങ്കില്‍ ഹൈക്കമാന്‍ഡിനു പ്രിയപ്പെട്ടവന്‍. കേരളത്തില്‍ വമ്പിച്ച ബഹുജന പിന്തുണയുള്ള നേതാവ് എന്ന പ്രസിദ്ധി വയലാര്‍ജിക്ക് ഉണ്ടത്രേ! രാഹുല്‍ജിയുടെ വരവോടെ ഈ ആനുകൂല്യങ്ങളൊക്കെ മലയാളികള്‍ക്കു നഷ്ടമാവുകയാണ്. ചെറുപ്പക്കാരോടു അടുപ്പവും തലനരച്ചവരോട് അകല്‍ച്ചയും വച്ചുപുലര്‍ത്തുന്ന ആളാണത്രേ രാഹുല്‍ജി.2018 മാര്‍ച്ച് മാസത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. കര്‍ണാടകയില്‍ പാര്‍ട്ടിയുടെ പ്ലീനറി സമ്മേളനം ആര്‍ഭാടമായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനു മുമ്പ്് പിസിസി പ്രസിഡന്റുമാരെ നിയമിക്കാനാണ് ഒരുങ്ങുന്നത്. അതുകൊണ്ട് രണ്ടു മാസത്തിനുള്ളില്‍ കേരളത്തില്‍ പുതിയ കെപിസിസി പ്രസിഡന്റ് അധികാരമേല്‍ക്കും. ഗ്രൂപ്പുകളും ഗ്രൂപ്പിന്റെയുള്ളില്‍ ഗ്രൂപ്പുകളും വ്യക്തിവിരോധങ്ങളും നിലനില്‍ക്കുന്ന സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആരെ പ്രസിഡന്റായി കെട്ടിയിറക്കിയാലും വിവാദങ്ങള്‍ ഒഴിഞ്ഞുപോവില്ല. എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുപ്പു നടന്നപ്പോള്‍ രാഹുല്‍ജിക്ക് എതിരാളികളില്ലായിരുന്നു. എന്നാല്‍, കേരള പിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുപ്പു നടന്നാല്‍ സ്ഥാനാര്‍ഥിപ്പട്ടിക വളരെ നീണ്ടതായിരിക്കും.ആദര്‍ശധീരനായ വി എം സുധീരന്‍ സ്വമേധയാ പദവി ഇട്ടെറിഞ്ഞു പോയശേഷം പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല എം എം ഹസന്‍ വഹിച്ചുവരുകയാണ്. സ്ഥാനത്യാഗം ചെയ്തശേഷം സുധീരന്റെ ആരോഗ്യം ഓടിച്ചാടി നടക്കുന്ന സ്ഥിതിയിലായത് ഏവരെയും ആഹ്ലാദഭരിതരാക്കുന്നുണ്ട്. സുധീരന്‍ ഇപ്പോള്‍ തന്റെ പ്രവര്‍ത്തനമേഖല കേരളത്തിനു പുറത്തേക്കു കൂടി വ്യാപിപ്പിക്കാനുള്ള പരിശ്രമത്തിലാണ്. ലാവ്‌ലിന്‍ കേസില്‍ സുപ്രിംകോടതിയില്‍ കക്ഷിചേരാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. താല്‍ക്കാലികക്കാരനായ എം എം ഹസനെ തന്നെ സ്ഥിരം പ്രസിഡന്റാക്കുമോ എന്നാണു പലരും ചോദിക്കുന്നത്. മുതിര്‍ന്ന വൈസ് പ്രസിഡന്റ് എന്ന പാരമ്പര്യവും സോളാര്‍ കേസില്‍ പേരുവരാത്ത കോണ്‍ഗ്രസ് നേതാവ് എന്ന ബഹുമതിയും സര്‍വോപരി ന്യൂനപക്ഷക്കാരന്‍ എന്ന നിലയിലുമെല്ലാം ഹസനു നറുക്കു വീഴേണ്ടതാണ്. പ്രതിപക്ഷ നേതൃപദവി ഐ ഗ്രൂപ്പിനു വീതംവച്ചതിനാല്‍ കെപിസിസി പ്രസിഡന്റ് പദവി എ ഗ്രൂപ്പിനു നല്‍കാനാണു സാധ്യത. എ ഗ്രൂപ്പിന്റെ സ്ഥാപകരിലൊരാളായ ഹസന്‍ വേദിയില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ അങ്ങോട്ട് ഗ്രൂപ്പില്‍ നിന്ന് ആരും പ്രവേശിക്കില്ലെന്നായിരുന്നു ഏവരും കരുതിയത്. എന്നാല്‍, പ്രസിഡന്റിന്റെ കുപ്പായം തയ്പിച്ച് നിരവധി നേതാക്കള്‍ എ ഗ്രൂപ്പില്‍ രംഗത്തുവന്നതോടെ പ്രതിസന്ധി ഉടലെടുത്തു. ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കിയ ഹസന്‍ പതുക്കെ നിലപാട് ഒന്നുമാറ്റി. ചാരക്കേസിലെ കുമ്പസാരം അതിന്റെ ഭാഗമായി നടത്തിയ ആസൂത്രിത നാടകമായിരുന്നു. പക്ഷേ, അതു ഫലവത്തായില്ല. വെളുക്കാന്‍ തേച്ചതു പാണ്ടായ അനുഭവമായി മാറി. രണ്ട് ഗ്രൂപ്പ് നേതാക്കളുടെയും വിരോധം ഒറ്റയടിക്ക് ഏറ്റുവാങ്ങാന്‍ സാധിച്ചുവെന്നതു മാത്രമാണു മിച്ചം. കൊടിക്കുന്നില്‍ സുരേഷാണ് മറ്റൊരു സ്ഥാനാര്‍ഥി. കെ സുധാകരനും വി ഡി സതീശനും മുന്‍നിരയില്‍ തന്നെയുണ്ട്. ഇങ്ങനെ പ്രസിഡന്റ് പദവിയിലേക്കു പല പേരുകളും ചര്‍ച്ചചെയ്യപ്പെടുന്നുണ്ടെങ്കിലും ഒരു പേര് കൂടുതലായി ചര്‍ച്ചചെയ്യപ്പെടുന്നു എന്നതാണു വാസ്തവം. ഉമ്മന്‍ചാണ്ടിയുടെ പേരാണത്. പാര്‍ട്ടിയെ രക്ഷിക്കാനും അധികാരം പിടിക്കാനും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വം വേണമെന്നു സ്വന്തം ഗ്രൂപ്പുകാര്‍ മാത്രമല്ല, പാര്‍ട്ടിപ്രവര്‍ത്തകരും ആഗ്രഹിക്കുന്നുണ്ട്. താന്‍ ആ പദവിയിലേക്ക് ഇല്ലെന്ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാഹുല്‍ജിക്കും ഹൈക്കമാന്‍ഡിനും ഉമ്മന്‍ചാണ്ടിയുടെ മനസ്സു മാറ്റാന്‍ പ്രയാസമുണ്ടാവില്ല. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡന്റാവും. അങ്ങനെ ഹൈക്കമാന്‍ഡ് പറയുമോ എന്നതാണു പ്രശ്‌നം. സോണിയാജിയുടെ മുമ്പിലെന്നപോലെ രാഹുല്‍ജിയുടെ മുമ്പിലും തലകുനിക്കാന്‍ ഉമ്മന്‍ചാണ്ടിയെ കിട്ടുകയില്ലല്ലോ.                                                     ി
Next Story

RELATED STORIES

Share it