Flash News

ഇന്ത്യ-ന്യൂസിലന്‍ഡ് ടി-20 : 80 ശതമാനം ടിക്കറ്റുകളും വിറ്റഴിച്ചത് ഓണ്‍ലൈന്‍ വഴി - കെസിഎ



തിരുവനന്തപുരം: ഈ മാസം 7ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ടി-20 മല്‍സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍. 80 ശതമാനം ടിക്കറ്റുകളും ഓണ്‍ലൈനിലൂടെയാണ് വിറ്റഴിഞ്ഞതെന്ന് കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ് അറിയിച്ചു. കൊച്ചിയില്‍ മുന്‍കാലങ്ങളി ല്‍ നടന്ന ഏകദിന മല്‍സരങ്ങളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പനയ്ക്ക് തണുത്ത പ്രതികരണമാണു ലഭിച്ചിരുന്നത്. മുന്‍കാലങ്ങളില്‍ 3000 ടിക്കറ്റുകള്‍ മാത്രമായിരുന്നു ഓണ്‍ലൈനിലൂടെ വിറ്റുപോയിരുന്നത്. അതിനാലാണ് ഇത്തവണ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഫെഡറല്‍ ബാങ്ക് ശാഖകള്‍ വഴി ടിക്കറ്റ് വില്‍പന നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, ഒക്ടോബര്‍ 16ന് ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചതോടെ കേരളത്തിനകത്തു നിന്നും പുറത്തു നിന്നും ടിക്കറ്റുകള്‍ക്ക് വന്‍ ആവശ്യക്കാരായിരുന്നു. സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ക്രിക്കറ്റ് പ്രേമികള്‍ പ്രയോജനപ്പെടുത്തിയപ്പോള്‍ 80 ശതമാനം ടിക്കറ്റുകളും ഓണ്‍ലൈനിലൂടെ വിറ്റഴിഞ്ഞു. ബാക്കിവന്ന ടിക്കറ്റുകള്‍ തലസ്ഥാനത്തെ പ്രധാനപ്പെട്ട ഫെഡറല്‍ ബാങ്ക് ശാഖകള്‍ വഴി മാത്രമേ വിറ്റഴിക്കാനായുള്ളൂ. വില്‍പന ആരംഭിച്ച് നിമിഷങ്ങള്‍ക്കകം അതും വിറ്റഴിഞ്ഞു. തലസ്ഥാനത്ത് വര്‍ഷങ്ങള്‍ക്കുശേഷം നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരം വിജയകരമാക്കാന്‍ എല്ലാവരുടെയും സഹകരണം വേണമെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ അഭ്യര്‍ഥിച്ചു.   ടിക്കറ്റ് വില്‍പനയ്‌ക്കെതിരേ ഏറെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് കെസിഎയുടെ വിശദീകരണം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തിരഞ്ഞെടുത്ത ബാങ്ക് ശാഖകള്‍ വഴി ടിക്കറ്റ് നല്‍കുമെന്നായിരുന്നു കെസിഎ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. ഈ പദ്ധതി പാളിയതോടെ ടിക്കറ്റ് വില്‍പനയ്‌ക്കെതിരേ വലിയ ആക്ഷേപം ഉയര്‍ന്നിരുന്നു. തലസ്ഥാനത്തെത്തി ക്യൂ നിന്നവരില്‍ വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമാണ് ടിക്കറ്റ് കിട്ടിയത്. ഭൂരിഭാഗവും നിരാശരായി മടങ്ങി. പുറത്ത് ടിക്കറ്റ് വില്‍പന നടത്തുന്നതിനു മുമ്പേ ചിലരുടെ കൈവശം ടിക്കറ്റുകള്‍ എത്തിച്ചേര്‍ന്നതായും ആരോപണം ഉയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it