World

ഇന്ത്യന്‍ സൈനിക കേന്ദ്രം നിര്‍മിക്കുന്നതിനെതിരേ സീഷെല്‍സില്‍ പ്രതിഷേധം

വിക്ടോറിയ: ഇന്ത്യന്‍ സൈനികകേന്ദ്രം നിര്‍മിക്കാനുള്ള നീക്കത്തിനെതിരേ സീഷെല്‍സില്‍ പ്രതിഷേധം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ആഫ്രിക്കന്‍ രാജ്യമായ സീഷെല്‍സില്‍ സൈനികകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഇരുരാജ്യങ്ങളുംധാരണയിലെത്തിയിരുന്നു. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സീഷെല്‍സ് സന്ദര്‍ശന സമയത്താണ് കരാറിലെത്തിയത്.
സീഷെല്‍സ് ദ്വീപുസമൂഹത്തിന്റെ ഭാഗമായ അസംപ്ഷന്‍ ദ്വീപില്‍ സൈനികകേന്ദ്രം നിര്‍മിക്കാനാണു പദ്ധതി. ഇന്ത്യയുടെ 55കോടി ഡോളര്‍ മുതല്‍മുടക്കുന്ന കേന്ദ്രം ഉപയോഗിക്കുന്നതിന് ഇരുരാജ്യങ്ങളുടെയും സേനകള്‍ക്ക് അവകാശം നല്‍കുന്ന തരത്തിലാണു കരാര്‍. സൈനികകേന്ദ്ര നിര്‍മാണത്തിന് സീഷെല്‍സിലെ രാഷ്ട്രീയനേതൃത്വം അനുകൂലമാണെങ്കിലും ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. സീഷെല്‍സ് തലസ്ഥാനമായ വിക്ടോറിയയില്‍ പദ്ധതിക്കെതിരേ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഇന്ത്യന്‍ സാന്നിധ്യത്തെ രാജ്യത്തെ ജനങ്ങള്‍ ആശങ്കയോടെ കാണുന്നതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നു. രാജ്യത്തെ സാമ്പത്തികരംഗത്തെ ഇന്ത്യന്‍ സാന്നിധ്യം ബാധിക്കുമെന്നും അവര്‍ കരുതുന്നു. സ്വന്തമായി സൈനികകേന്ദ്രം നിര്‍മിക്കാമെന്നിരിക്കെ മറ്റൊരു രാജ്യത്തെ ആശ്രയിക്കുന്നത് എന്തിനാണെന്നും പ്രതിഷേധക്കാര്‍ ചോദിച്ചു. സീഷെല്‍സിന് ഗുണമുള്ള പദ്ധതിയാണിതെങ്കില്‍ സര്‍ക്കാരിനു ഹിതപരിശോധന സംഘടിപ്പിക്കാന്‍ തയ്യാറായിക്കൂടെയെന്നും അവര്‍ ചോദിക്കുന്നു.
Next Story

RELATED STORIES

Share it