Pravasi

ഇന്ത്യന്‍ കമ്പനികളുടെ എതിര്‍പ്പ് : ഖത്തര്‍ എയര്‍വെയ്‌സിന്റെ ആഭ്യന്തര സര്‍വീസ് വൈകുന്നു



ദോഹ: ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങാനുള്ള  ഖത്തര്‍ എയര്‍വെയ്‌സിന്റെ നീക്കങ്ങള്‍ വൈകുന്നതിന് കാരണം ഇന്ത്യയിലെ പ്രാദേശിക വിമാന കമ്പനികളുടെ എതിര്‍പ്പ്. വ്യോമയാന  വിപണിയിലെ നൂറു ശതമാനം വിദേശ  നിക്ഷേപം രാജ്യത്തിനു കാര്യമായ നേട്ടമുണ്ടാക്കില്ലെന്നാണ് പ്രാദേശിക കമ്പനികളുടെ വാദം. ഇന്ത്യന്‍ ആഭ്യന്തര വ്യോമയാന മേഖലയില്‍  ഖത്തര്‍ എയര്‍വെയ്‌സിന്റെ പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന്  നേരത്തെ  അന്താരാഷ്ട്ര  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്തിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതിക്കായി കാത്തു നില്‍ക്കുകയാണെന്നും   അനുമതി ലഭിച്ചാല്‍ ഉടന്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി കമ്പനി സ്ഥാപിക്കുമെന്നും ഖത്തര്‍  എയര്‍വെയ്‌സ് മേധാവി അക്ബര്‍  അല്‍ബാക്കിര്‍ ഈയിടെ  ദുബയില്‍  പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇന്ത്യന്‍ ആഭ്യന്തര വിപണിയിലെ മറ്റു വിമാന കമ്പനികള്‍  ഇക്കാര്യത്തില്‍ എതിര്‍പ്പുമായി തുടരുന്നതാണ്  കാര്യങ്ങള്‍ വൈകാന്‍ ഇടയാക്കുന്നതെന്നാണ് വിലയിരുത്തല്‍.  ഖത്തര്‍ എയര്‍വെയ്‌സിനെ പോലുള്ള  അന്താരാഷ്ട്ര കമ്പനികള്‍ക്ക്  അനുമതി നല്‍കുന്നത്  കര്‍ശനമായ നിബന്ധനകളോടെയായിരിക്കണമെന്ന്  ഇന്ത്യന്‍  വിമാന കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസ് പോലുള്ള വികസിത രാജ്യങ്ങളില്‍ പോലും ആഭ്യന്തര വിപണിയില്‍  വിദേശ കമ്പനികള്‍ക്ക് കടുത്ത നിയണന്ത്രങ്ങളാണ്  ഏര്‍പ്പെടുത്താറുള്ളതെന്നും  ഇവര്‍ ചൂണ്ടി കാട്ടുന്നു. അതേസമയം,  ഇന്ത്യന്‍ വ്യോമയാന  മേഖലയിലെ  വിദേശ നിക്ഷേപങ്ങളെ കാലാനുസൃതമായി പരിഷ്‌കരിക്കുന്നതു  സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വാണിജ്യ മന്ത്രാലയവുമായി ചേര്‍ന്ന് ഉടന്‍ തന്നെ പുതിയ നിയമം പുറത്തിറക്കാന്‍ ആലോചിക്കുന്നതായും വാര്‍ത്തയുണ്ട്. ഖത്തറിനെ കൂടാതെ സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെയും ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്ന്  വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചു.
Next Story

RELATED STORIES

Share it