World

ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി നികുതി ഒഴിവാക്കി ചൈന

ബെയ്ജിങ്: ഇന്ത്യയുള്‍പ്പെടെ അഞ്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കിയതായി ചൈനീസ് മന്ത്രിസഭ അറിയിച്ചു. നിലവില്‍ മൂന്നു ശതമാനമുള്ള ഇറക്കുമതി തീരുവയാണ് ഇന്ത്യ, ദക്ഷിണ കൊറിയ, ബംഗ്ലാദേശ്, ലോസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ സോയാബീന്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് ഒഴിവാക്കിയത്.
ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇറക്കുമതി ചെയ്യുന്ന രാസവസ്തുക്കള്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍, വസ്ത്രം, സ്റ്റീല്‍, അലുമിനിയം ഉല്‍പന്നങ്ങള്‍ക്ക് നികുതിയില്‍ ഇളവുവരുത്തുമെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഏഷ്യ-പസഫിക് വ്യാപാര കരാറിലെ രണ്ടാം ഭേദഗതി അനുസരിച്ചാണ് നികുതിയിളവു നല്‍കിയിരിക്കുന്നത്. യുഎസില്‍ നിന്നാണു ചൈനയിലേക്ക് ഏറ്റവും കൂടുതല്‍ സോയാബീന്‍ ഇറക്കുമതിയുള്ളത്. നിലവില്‍ യുഎസ്-ചൈന വ്യാപാരബന്ധത്തില്‍ വിള്ളല്‍ വീണ സാഹചര്യത്തിലാണു ചൈനയുടെ പുതിയ നയം.
നേരത്തെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കു ചൈനീസ് കമ്പോളം തുറന്നുകിട്ടാനായി ഇന്ത്യ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കു സോയാബീന്‍, പഞ്ചസാര കയറ്റുമതി ചെയ്യുന്നതു സംബന്ധിച്ച് കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യ-ചൈന പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു.
തുടര്‍ന്നു വുഹാന്‍ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തി.
അതേസമയം ഇന്ത്യയുമായി 2+1  ചര്‍ച്ചയ്ക്കുള്ള നിര്‍ദേശം ചൈന മുന്നോട്ടുവച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച മൂന്നാമതൊരു രാജ്യത്തു നടത്തുന്നതാണു പുതിയ നിര്‍ദേശം. നേപ്പാളിനാണു കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്. നേപ്പാള്‍ പ്രസിഡന്റ് കെ പി ഒലിയുടെ ബെയ്ജിങ് സന്ദര്‍ശനത്തിലാണു ചൈന ഇക്കാര്യം വെളിപ്പെടുത്തിയത്. ദക്ഷിണേഷ്യയിലെ ഏതൊരു രാജ്യത്തും വച്ച് ചര്‍ച്ച നടത്താമെന്നും അറിയിച്ചതായാണു വിവരം.
Next Story

RELATED STORIES

Share it