Articles

ഇനി പടയൊരുക്കം സ്വന്തം മുന്നണിയില്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഒരുമാസം നീണ്ടുനിന്ന 'പടയൊരുക്കം' സമാപിക്കുമ്പോള്‍ കേരളത്തിലെ സര്‍ക്കാര്‍ മറിഞ്ഞുവീഴുമെന്ന് ആരും സ്വപ്‌നം കണ്ടിരുന്നില്ല. പ്രതിപക്ഷ മുന്നണിയുടെ അടിത്തറ ഇളകുമെന്നും ആരും പ്രതീക്ഷിച്ചില്ല. പൊതുവായി 'ഇമേജ്' ഉണ്ടാവും. അടിത്തറ ശക്തമാവും. വിപുലമാവും. കൂടുതല്‍ പാര്‍ട്ടികള്‍ മുന്നണിയിലേക്കു വരാനുള്ള സാധ്യതയും ഉണ്ടാവും. സാധാരണ തിരഞ്ഞെടുപ്പുകാലങ്ങളിലാണ് സംസ്ഥാനതല ജാഥകള്‍ ഒന്നിനു പിറകെ ഒന്നായി പര്യടനം നടത്താറുള്ളത്. ഐക്യജനാധിപത്യ മുന്നണിയുടെ വകയായി ഇക്കുറി നേരത്തേ തന്നെ അതുണ്ടായി. മുന്നണി പ്രവര്‍ത്തകര്‍ പടയ്ക്ക് ഒരുങ്ങിനില്‍പ്പാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലും മുന്നണിയിലാകെയും പുത്തന്‍ ഉണര്‍വും ഐക്യവും പ്രദാനം ചെയ്യാന്‍ ഇതിനു കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസത്തിനു തല്‍ക്കാലം ശമനവും ഉണ്ടായി. കാരണം, ഗ്രൂപ്പുകള്‍ക്ക് ജാഥയിലും ജാഥാ സ്വീകരണങ്ങളിലും തുല്യപ്രാതിനിധ്യം നല്‍കിപ്പോന്നിരുന്നു. പടയൊരുക്കത്തിന്റെ സ്വീകരണയോഗങ്ങളില്‍ സാമാന്യം നല്ല ജനക്കൂട്ടത്തെ കണ്ടിരുന്നു. ജാഥ തുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ വിഷയദാരിദ്ര്യം വല്ലാതെ അനുഭവപ്പെട്ടു. സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ട് പുറത്തുവന്നതോടെയാണ് പടയൊരുക്കത്തിന് ജീവന്‍ കൈവന്നത്. പ്രസംഗിക്കാന്‍ വിഷയത്തിനു ക്ഷാമമില്ലാതായി. റിപോര്‍ട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നാകെ നിലംപതിക്കുമോ എന്ന ആശങ്ക അസ്ഥാനത്താക്കി പടയൊരുക്കം മുന്നേറി.  സോളാറിലെ മുഖ്യപ്രതി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി മണ്ഡലത്തില്‍ പടയൊരുക്കം അവിടത്തെ ചരിത്രം തിരുത്തിക്കളഞ്ഞു. പുതുപ്പള്ളി ഇതുവരെ കണ്ടിട്ടില്ലാത്ത ജനക്കൂട്ടം. ഉമ്മന്‍ചാണ്ടി ജനങ്ങളെ കണ്ടപ്പോള്‍ ആവേശഭരിതനായി കാണപ്പെട്ടു. ഇനിയൊരു സോളാറിനും തന്നെ തോല്‍പിക്കാന്‍ കഴിയില്ലെന്ന മട്ടിലായിരുന്നു  ചടങ്ങില്‍ ചാണ്ടിയുടെ നില്‍പ്.പടയൊരുക്കം സമാപിക്കുന്നതോടെ മുന്നണിയില്‍ പൊട്ടലും ചീറ്റലും പരസ്യമായി. ആര്‍എസ്പിയുടെ ഭാഗത്തുനിന്നാണ് ആദ്യ വെടിപൊട്ടിയത്.  ദീര്‍ഘകാലം ഇടതുപക്ഷത്തിന്റെ അവിഭാജ്യഘടകമായിരുന്ന ആര്‍എസ്പി വല്യേട്ടന്‍ മനോഭാവത്തില്‍ മനംനൊന്താണ് മറുകണ്ടം ചാടിയത്. 'പരനാറി' പ്രയോഗത്തിലൂടെ കടുത്ത രാഷ്ട്രീയ ശത്രുക്കളുമായി. നിയമസഭയില്‍ പാര്‍ട്ടിക്ക് പ്രാതിനിധ്യമില്ലെങ്കിലും പാര്‍ലമെന്റില്‍ എണ്ണംപറഞ്ഞ ഒരു മെംബറുണ്ട്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്തു നിന്ന് അനായാസം ജയിച്ചുകയറാമെന്ന് അവര്‍ കരുതുന്നില്ല. അതുകൊണ്ട് പഴയ ഇടതുപക്ഷ നിലപാടില്‍ ഉറച്ചുനില്‍ക്കാമെന്ന് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം കണക്കുകൂട്ടുന്നു. എന്നാല്‍, പാര്‍ട്ടിയിലെ ബേബിജോണ്‍ വിഭാഗം ഇതിനോടു യോജിക്കുന്നില്ല. ബേബിജോണിന്റെ അനുസ്മരണ ചടങ്ങില്‍ രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിക്കുന്നതു തന്നെ യുഡിഎഫ് ബന്ധം ശക്തിപ്പെടുത്താന്‍ കൂടി ഉദ്ദേശിച്ചാണത്രേ. മുന്നണിമാറ്റം എളുപ്പത്തില്‍ പാര്‍ട്ടിയില്‍ നടക്കാന്‍ സാധ്യതയില്ല. അങ്ങനെ വന്നാല്‍ പാര്‍ട്ടിയില്‍ പിളര്‍പ്പ് അനിവാര്യമാവും. കറകളഞ്ഞ സോഷ്യലിസ്റ്റുകളും ജനാധിപത്യവാദികളുമായ ജനതാദള്‍, മുന്നണിക്ക് തലവേദനയായിട്ട് കുറേക്കാലമായി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഒറ്റസീറ്റും ലഭിക്കാതായതോടെ പാര്‍ട്ടി കടുത്ത നിരാശയിലായിരുന്നു. പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിന്റെ രാജ്യസഭാ മെംബര്‍ പദവി മാത്രമാണ് ഒരു പിടിവള്ളിയായത്. ഇപ്പോള്‍ ആ പിടിവള്ളിയും ഉപേക്ഷിക്കുകയാണ്. പാര്‍ട്ടി എപ്പോഴും നയവും ആദര്‍ശവും തന്നെയാണു വലുതായി കാണുന്നത്. സ്ഥാനമാനങ്ങള്‍ക്കൊന്നും യാതൊരു സ്ഥാനവുമില്ല. ഇടതുപക്ഷ മുന്നണിയില്‍ നിന്ന് തങ്ങളെ ചവിട്ടിപ്പുറത്താക്കിയതാണെന്ന് പ്രസിഡന്റ് തന്നെയാണ് വെളിപ്പെടുത്തിയത്. അതൊക്കെ പഴയ കഥകള്‍. വീരേന്ദ്രകുമാര്‍ ഇടതുപക്ഷത്തോടൊപ്പം പോവാനൊരുങ്ങുകയാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പാര്‍ട്ടിക്കകത്ത് ഒരുവിഭാഗം ഇത് അംഗീകരിക്കുന്നില്ല. ചേരി മാറി പോവുമ്പോള്‍ എല്ലാവരും ഒപ്പമുണ്ടാവില്ല. ഒരുവിഭാഗം അവിടെ തന്നെ ഉറച്ചുനില്‍ക്കും. അങ്ങനെ ഉറച്ചുനിന്നവരാണ് ഇപ്പോള്‍ ഭരണത്തിലുള്ളത്. അവരുമായി കൂടിച്ചേരാനോ ലയിക്കാനോ ബുദ്ധിമുട്ടുണ്ടാവില്ല. വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയാണെങ്കില്‍ കഴിഞ്ഞ അഞ്ചുമാസമായി യോഗമേ കൂടിയിട്ടില്ല. അതിനിടയിലാണ് ചേരിമാറ്റവും എംപി സ്ഥാനം രാജിവയ്ക്കലും വാര്‍ത്തയായത്. പാര്‍ട്ടിയിലെ പടയൊരുക്കങ്ങള്‍ക്കിടയില്‍ ഇനി യോഗം ചേരുമോ എന്നും പറയാന്‍ കഴിയില്ല.
Next Story

RELATED STORIES

Share it