Flash News

ഇനി കളംമാറ്റ കാലം



യൂറോപ്യന്‍ ഫുട്‌ബോളില്‍ ടോപ് 5 പ്രാദേശിക ലീഗുകള്‍ സമാപിക്കുമ്പോള്‍ ടീം ഘടനയില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ് പ്രമുഖ ക്ലബ്ബുകള്‍. കൂടു മാറി കരുത്ത് പരീക്ഷിക്കാന്‍ താരങ്ങളും തയ്യാറെടുക്കുന്നതോടെ, യൂറോപ്യന്‍ ഫുട്‌ബോളില്‍ ഇനി ട്രാന്‍സ്ഫര്‍ കാലമാണ്. ലീഗ് ഫുട്‌ബോള്‍ സമാപനത്തോടനുബന്ധിച്ച് വേനല്‍ക്കാല ട്രാന്‍സ്ഫര്‍ സീസണ്‍ ജൂലൈ ഒന്നിനാണ് ആരംഭിക്കുക. പ്രമുഖ താരങ്ങളെ സ്വന്തമാക്കാനും കൈമാറാനും ക്ലബ്ബ് മാനേജ്‌മെന്റുകള്‍ തയ്യാറെടുക്കവെ, പല താരങ്ങളും തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ്.

അന്റൊയ്ന്‍ ഗ്രീസ്മാന്‍

ഫ്രഞ്ച് ഫുട്‌ബോളര്‍ അന്റൊയ്ന്‍ ഗ്രീസ്മാന്‍ ക്ലബ്ബ് വിടാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന യൂറോപ്യന്‍ കാല്‍പന്ത് ലോകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്. സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റികോ മാഡ്രിഡിന്റെ കരുത്തനായ മുന്നേറ്റ താരം ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് ചേക്കേറാന്‍ 10ല്‍ ആറ് ശതമാനം സാധ്യതയുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു. ഫ്രഞ്ച് ടെലിവിഷന്‍ ഷോയിലാണ് ഗ്രീസ്മാന്‍ തന്റെ മനസ്സ് തുറന്നത്. ഗ്രീസ്മാനെ ക്ലബ്ബിലെത്തിക്കാന്‍ ഏകദേശം 155 മില്യണ്‍ ബ്രിട്ടീഷ് പൗണ്ട് യുനൈറ്റഡ് ചെലവാക്കേണ്ടി വരുമെന്നാണ് റിപോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍, പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ തുക വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ ഗ്രീസ്മാനും ഇടംപിടിക്കും. 2021 വരെ അത്‌ലറ്റികോ മാഡ്രിഡിനൊപ്പം കരാര്‍ നിലനില്‍ക്കുന്ന ഗ്രീസ്മാന്‍ ഈ സീസണില്‍ 26 ഗോളുകളാണ് ക്ലബ്ബിനു വേണ്ടി നേടിയത്. 2014 ജൂലൈ 28ല്‍ റയല്‍ സോസിഡാഡില്‍ നിന്നാണ് താരം അത്‌ലറ്റികോയില്‍ എത്തിയത്.

ജുവാന്‍ ക്വാഡ്രാഡോ

ചെല്‍സി വിങ്ങര്‍ ജുവാന്‍ ക്വാഡ്രാഡോയെ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസ് സ്ഥിരം കളിക്കാരനാക്കി കരാര്‍ ഒപ്പുവച്ചു. ചെല്‍സിയില്‍ നിന്ന് വായ്പാടിസ്ഥാനത്തില്‍ നേരത്തെ തന്നെ ക്ലബ്ബിലെത്തിയ ക്വാഡ്രാഡോയെ 17 മില്യണ്‍ ബ്രിട്ടീഷ് പൗണ്ടിനാണ് യുവന്റസ് സ്ഥിരമായി സ്വന്തമാക്കിയത്. സ്റ്റാംഫോര്‍ഡില്‍ നിന്ന് തുറിനില്‍ എത്തിയ ക്വാഡ്രോഡോ യുവന്റസിന്റെ കിരീടനേട്ടങ്ങളില്‍ നിര്‍ണായക കുതിപ്പ് നടത്തിയിരുന്നു. അതിനാല്‍ അദ്ദേഹത്തെ നിലനിര്‍ത്താന്‍ തീരുമാനിച്ച യുവന്റസ് 2020 വരെ നീണ്ടു നില്‍ക്കുന്ന കരാറില്‍ ഒപ്പുവയ്ക്കാന്‍ തീരുമാനിച്ചു.

ഐകര്‍ കസിയസ്

പോര്‍ച്ചുഗീസ് ക്ലബ്ബ് പോര്‍ട്ടോയുടെ കരുത്തുറ്റ ഗോള്‍കീപ്പര്‍ ഐകര്‍ കസിയസ് ലിവര്‍പൂളിലേക്ക് ചേക്കേറിയേക്കുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പ്രീമിയര്‍ ലീഗ് ക്ലബ്ബിന്റെ വാഗ്ദാനത്തിനു പുറമെ, ചൈന, തുര്‍ക്കി എന്നിവടങ്ങളിലെ പ്രാദേശിക ക്ലബ്ബുകളില്‍ നിന്ന് വാഗ്ദാനം ലഭിച്ചിട്ടുണ്ട് താരത്തിന്. എന്നാല്‍, ചാംപ്യന്‍സ് ലീഗില്‍ കടന്ന ലിവര്‍പൂളിന്റെ ഓഫര്‍ അദ്ദേഹം സ്വീകരിച്ചേക്കുമെന്നാണ് റിപോര്‍ട്ടുകള്‍. കസിയസ് മുന്‍ റയല്‍ മാഡ്രിഡ് ഗോള്‍കീപ്പറാണ്. യൂറി തീലെമാന്‍സ്ബെല്‍ജിയന്‍ യുവതാരം യൂറി തീലെമാന്‍സ് ആന്‍ഡര്‍ലെക്ട് വിട്ട് മൊണാകോയില്‍ ചേക്കേറും. താരം ആന്‍ഡര്‍ലെക്ട് വിടുമെന്ന കാര്യം ക്ലബ്ബ് ഡയറക്ടര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. നൂറു ശതമാനം ഉറപ്പായിട്ടില്ലെങ്കിലും മൊണാക്കോയിലേക്ക് തന്നെയാവും അദ്ദേഹം ചേക്കേറുകയെന്നും ഡയറക്ടര്‍ ഹെര്‍മെന്‍ വ്യക്തമാക്കി.

വിന്‍ഷ്യസ് ജൂനിയര്‍

ബ്രസീലിയന്‍ യുവതാരം വിന്‍ഷ്യസ് ജൂനിയറെ ക്ലബ്ബിലെത്തിക്കുന്ന കാര്യം ഏതാനും ദിവസങ്ങള്‍ക്കകം റയല്‍ മാഡ്രിഡ് പുറത്തുവിടും. 16കാരനായ ബ്രസീലിയന്‍ സൂപ്പര്‍ താരം നിലവില്‍ ഫ്‌ളെമിങോ ക്ലബ്ബിലാണ് കളിക്കുന്നത്.
Next Story

RELATED STORIES

Share it