Editorial

ഇനിയും എന്‍ജിനീയറിങ് കോളജുകള്‍ വേണ്ട

സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന് (എഐസിടിഇ) നല്‍കിയ റിപോര്‍ട്ടില്‍ കേരളത്തില്‍ ഇനി പുതിയ എന്‍ജിനീയറിങ് കോളജുകളോ പുതിയ കോഴ്‌സുകളോ വേണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. തുടര്‍ന്ന് വകുപ്പുമന്ത്രി തന്നെ പുതിയ എന്‍ജിനീയറിങ് കോളജുകള്‍ക്ക് അനുമതി നല്‍കില്ലെന്നു നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തു. കുറേ വര്‍ഷമായി കേരളത്തിലെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളില്‍ ഗണ്യമായി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. അതിനു പല കാരണങ്ങളുമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു തന്നെ ചൂണ്ടിക്കാട്ടുന്നു. അധ്യാപകര്‍ പൊതുവില്‍ മതിയായ യോഗ്യതയില്ലാത്തവരും അധ്യാപന പരിചയമില്ലാത്തവരുമാണ്. ലാബ്, ക്ലാസ്‌റൂം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ മിക്കയിടത്തുമില്ല. ആസൂത്രണപാടവമോ ദീര്‍ഘദൃഷ്ടിയോ ഇല്ലാതെ ഭരണകര്‍ത്താക്കള്‍ വിദ്യാഭ്യാസമേഖലയില്‍ ഇടപെടുന്നതിന്റെ അനര്‍ഥങ്ങളില്‍ പെട്ടതാണ് സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളുടെ എണ്ണപ്പെരുപ്പം. അപേക്ഷയുമായി വരുന്നവര്‍ക്കൊക്കെ എന്‍ജിനീയറിങ് കോളജുകളും പാരാമെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങാന്‍ അനുമതി കൊടുക്കുന്നതില്‍ മാറിമാറി ഭരിച്ചുകൊണ്ടിരിക്കുന്ന മുന്നണികള്‍ വലിയ ഉല്‍സാഹം കാണിച്ചതിന്റെ ഫലമായിരുന്നു മുട്ടിനുമുട്ടിനുള്ള എന്‍ജിനീയറിങ് കോളജുകള്‍. മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന്റെ ഒരേയൊരു ലക്ഷ്യം തന്നെ അവരെ ഡോക്ടറോ എന്‍ജിനീയറോ ആക്കുകയാണെന്ന കാര്യത്തില്‍ ഭൂരിപക്ഷം രക്ഷിതാക്കളും ഒരേ അഭിപ്രായക്കാരായത് വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് വലിയ പ്രോല്‍സാഹനമായിരുന്നു. ഏതായാലും വിദ്യാഭ്യാസത്തിന്റെ വ്യാപാരവല്‍ക്കരണത്തെ നഖശിഖാന്തം എതിര്‍ക്കുകയും അതിന്റെ പേരില്‍ രക്തസാക്ഷികളെ സൃഷ്ടിക്കുകയും ചെയ്തവരും സാമൂഹിക നീതിക്കു വേണ്ടി തൊണ്ടകീറുന്നവരുമൊക്കെ അധ്വാനിച്ചതിന്റെ ഫലമായിട്ടാണ് കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്‍ക്കുള്ളില്‍ നൂറിലധികം സാങ്കേതിക കലാലയങ്ങള്‍ കേരളത്തില്‍ ഉയര്‍ന്നുവന്നത്. ഒരു നിലവാരവും ഇല്ലാത്തവയായിരുന്നു അവയില്‍ മിക്കതും. കുട്ടികളെ ചാക്കിടാന്‍ കോളജ് മാനേജ്‌മെന്റുകള്‍ രംഗത്തിറങ്ങുന്നത് വര്‍ഷംതോറും കണ്ടുവരുന്ന കാഴ്ചയാണ്. അതിന്റെ അനര്‍ഥങ്ങള്‍ പലതായിരുന്നു. 2017ല്‍ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ 20,000ഓളം സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്. ബിരുദ പഠനം പൂര്‍ത്തിയാക്കിയവരില്‍ പലരും ഒരു ജോലിക്കും പ്രാപ്തരല്ലാത്ത വിധം സാങ്കേതിക നിരക്ഷരതയുമായിട്ടാണ് പുറത്തിറങ്ങിയത്. സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന ഈ കൂട്ടക്കൊലയെക്കുറിച്ച് വിദ്യാഭ്യാസ വിദഗ്ധര്‍ നേരത്തെത്തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും മറ്റു പരിഗണനകള്‍ വച്ച് ഭരണകൂടം വിമര്‍ശനങ്ങള്‍ അവഗണിക്കുകയായിരുന്നു. ഏതായാലും ഇതോടെ സംസ്ഥാനത്തെ എന്‍ജിനീയറിങ് വിദ്യാഭ്യാസം മെച്ചപ്പെടുത്താനും നിലവാരമില്ലാത്ത എന്‍ജിനീയറിങ് കോളജുകള്‍ നിയന്ത്രിക്കാനും സര്‍ക്കാര്‍ മുന്നോട്ടുവരുമെന്നു പ്രതീക്ഷിക്കാം.
Next Story

RELATED STORIES

Share it