World

ഇദ്‌ലിബ്: സിറിയ രാസായുധം തയ്യാറാക്കുന്നുവെന്ന് യുഎസ്‌

വാഷിങ്ടണ്‍: ജനാധിപത്യ വാദികള്‍ കേന്ദ്രീകരിച്ച ഇദ്‌ലിബില്‍ രാസായുധം പ്രയോഗിക്കാന്‍ സിറിയ തയ്യാറെടുക്കുന്നതായി യുഎസ്. ഇതുസംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ കൈവശമുണ്ടെന്ന് സിറിയന്‍ വിഷയത്തിലെ യുഎസ് ഉപദേഷ്ടാവ് ജിം ജെഫ്രി അവകാശപ്പെട്ടു. യാഥാര്‍ഥ്യത്തിന്റെ ഉറച്ച ഭൂമികയില്‍ നിന്നാണ് ഇക്കാര്യം പറയുന്നതെന്ന് മാധ്യമപ്രവര്‍ത്തകരുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 17നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സിറിയന്‍ വിഷയങ്ങള്‍ സംബന്ധിച്ച ഉപദേഷ്ടാവായി ജെഫ്രിയെ നിയമിച്ചത്. അതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ അഭിമുഖത്തിലാണ് സിറിയ രാസായുധങ്ങള്‍ തയ്യാറാക്കുന്നതായി വെളിപ്പെടുത്തലുണ്ടായത്. ഇദ്‌ലിബില്‍ പ്രയോഗിക്കാന്‍ രാസായുധം തയ്യാറാക്കുന്നതു സംബന്ധിച്ച് നിരവധി തെളിവുകളുണ്ടെന്നു പറഞ്ഞ ജെഫ്രി പക്ഷേ, അവ വിശദമാക്കിയില്ല.
വളരെ ഗുരുതരമായ അവസ്ഥയാണ് ഇദ്‌ലിബിലുള്ളത്. റഷ്യന്‍, സിറിയന്‍ സേന ആക്രമണവും രാസായുധ പ്രയോഗവും തുര്‍ക്കിയിലേക്ക് വന്‍ അഭയാര്‍ഥി പ്രവാഹമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈന്യം ഇദ്‌ലിബ് വളഞ്ഞിരിക്കുകയാണ്. ഏതു നിമിഷവും കനത്ത ആക്രമണം ആരംഭിച്ചേക്കാം. എന്നാല്‍ ഇദ്‌ലിബിന്റെ അവസാന അധ്യായം ഇപ്പോഴും എഴുതിക്കഴിഞ്ഞിട്ടില്ല എന്നാണ് വിശ്വസിക്കുന്നത്.
ആക്രമണം ഒഴിവാക്കാന്‍ തുര്‍ക്കി മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നാണ് കരുതുന്നത്. ഏഴു വര്‍ഷം നീണ്ട സായുധ പോരാട്ടങ്ങള്‍ക്ക് അവസാനമുണ്ടാക്കാന്‍ ഇപ്പോഴാണ് നയതന്ത്ര ഇടപെടലുണ്ടാവേണ്ടത് എന്നും ജിം ജെഫ്രി പറഞ്ഞു. ഈ മാസം അവസാനത്തോടെ ഇറാനില്‍ നടക്കുന്ന യുഎന്‍ സുരക്ഷാ സമിതി യോഗത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കുന്നുണ്ട്.
ഇറാന്റെ ആണവ പരീക്ഷണങ്ങളും സിറിയന്‍, യെമന്‍ യുദ്ധങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും. ഫ്രാന്‍സ്, ജോര്‍ദാന്‍, ഈജിപ്ത്, സൗദി അറേബ്യ, ജര്‍മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും യുഎന്‍ സുരക്ഷാ സമിതി യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും ജെഫ്രി പറഞ്ഞു.

Next Story

RELATED STORIES

Share it