ഇത്തവണയും ജിഎസ്ടി ബില്ല് പാസാക്കില്ല; പാപ്പര്‍ ബില്ല് അവതരിപ്പിക്കും

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി) ബില്ല് പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തിലും പാസാക്കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. എന്നാല്‍ പാപ്പര്‍ ബില്ല് ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അപ്രസക്തമായ കാരണങ്ങളാല്‍ കോണ്‍ഗ്രസ് ജിഎസ്ടി ബില്ല് വൈകിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യ താഴോട്ട് പോവുന്നത് കാണുന്നത് ചിലര്‍ക്ക് ക്രൂരവിനോദമാണ്. കടുത്ത ദേശീയ നഷ്ടത്തില്‍ നിന്നുണ്ടാവുന്ന ക്രൂരവിനോദമാണത്. അത് അനുവദിക്കാനാവില്ല- മന്ത്രി പറഞ്ഞു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേര്‍സ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷികസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുധനാഴ്ച തീരുന്ന ലോക്‌സഭയുടെ ശീതകാല സമ്മേളനത്തിന്റെ അവസാനത്തെ മൂന്ന് സുപ്രധാന നാളുകളില്‍ മധ്യസ്ഥനിയമ ഭേദഗതി, വാണിജ്യ കോടതി ബില്ല് എന്നിവ രാജ്യസഭയില്‍ അവതരിപ്പിക്കും. തനിക്ക് ഏതായാലും അത് സാധിച്ചില്ല. പിന്നെ മറ്റൊരാള്‍ അത് ചെയ്യുന്നതെന്തിനാണ് എന്ന മനോഭാവമാണ് ജിഎസ്ടി ബില്ല് പാസാവുന്നത് തടയുന്ന കോണ്‍ഗ്രസ്സിന്റേത്. ന്യൂനതയുള്ള ജിഎസ്ടി ബില്ലിനെക്കാള്‍ നല്ലത് വൈകിയുള്ള ജിഎസ്ടി ബില്ലാണ്.
ഭരണഘടന അനുശാസിക്കുന്ന നികുതിയിലുള്ള കടും പിടുത്തം ഉപേക്ഷിക്കണമെന്നാണ് പ്രതിപക്ഷത്തോട് ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഈ സമ്മേളനത്തില്‍ ജിഎസ്ടി ബില്ല് പാസാക്കുകയില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞത്. 2016 ഏപ്രില്‍ ഒന്ന് അലംഘനീയമായ ഒരു തിയ്യതി അല്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ കോണ്‍ഗ്രസ് എതിര്‍ക്കുന്നതുകൊണ്ടാണ് ജിഎസ്ടി ബില്ല് പാസാക്കാനാവാത്തത്.
Next Story

RELATED STORIES

Share it