ഇടുക്കിയില്‍ 4.25 കിലോ കഞ്ചാവുമായി നാലുപേര്‍ അറസ്റ്റില്‍

കുമളി/അടിമാലി: ഇടുക്കിയില്‍ രണ്ടിടങ്ങളില്‍ നിന്ന് 4.25 കിലോ കഞ്ചാവുമായി നാലുപേര്‍ അറസ്റ്റില്‍. കുമളി അതിര്‍ത്തിയില്‍ നിന്നും വട്ടവട കോവിലൂര്‍ വഞ്ചിവയലില്‍ നിന്നുമാണു കഞ്ചാവ് പിടികൂടിയത്. കുമളിയില്‍ 2.25 കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി ഉള്‍പ്പെടെ രണ്ടു പേരെയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ചങ്ങനാശ്ശേരി നെടുങ്കുന്നം പുളിമൂട്ടില്‍ ജിജോ പി സണ്ണി (36), തമിഴ്‌നാട് തേനി ജില്ലയിലെ ഗൂഡല്ലൂര്‍ സ്വദേശി മുരുകന്‍കോവില്‍ തെരുവില്‍ അന്‍പഴകന്‍ (54) എന്നിവരാണു പിടിയിലായത്. ഇന്നലെ രാവിലെ എട്ടോടെ തമിഴ്‌നാട് അതിര്‍ത്തി ബസ്സ്റ്റാന്റില്‍ നിന്നു കുമളി ടൗണിലേക്ക് ഇരുചക്ര വാഹനത്തില്‍ വരികയായിരുന്നു ഇരുവരും. കുമളി അതിര്‍ത്തി ചെക്‌പോസ്റ്റിലെ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് ഇവരുടെ അറസ്റ്റ്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. പരിശോധനയ്ക്കിടെ കോട്ടയം സ്വദേശി രക്ഷപ്പെട്ടതായും ഇയാളെ പിടികൂടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ഉ—ദ്യോഗസ്ഥര്‍ പറഞ്ഞു. ജിജോയും രക്ഷപ്പെട്ട സുഹൃത്തും കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് കച്ചവടം നടത്തുന്നവരാണെന്ന് ഉദേ്യാഗസ്ഥര്‍ പറയുന്നു. അതേസമയം കമ്പത്ത് നിന്നു വാങ്ങിയ കഞ്ചാവ് 2000 രൂപ പ്രതിഫലം വാങ്ങി കുമളിയില്‍ എത്തിച്ചുകൊടുക്കാന്‍ എത്തിയതാണ് അന്‍പഴകനെന്ന് പോലിസ് പറഞ്ഞു. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കുമളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോന്‍സ് ജെയിംസ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സണ്ണി കെ യു, പ്രിവന്റീവ് ഓഫിസര്‍ ബെന്നി ജോസഫ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജോസി വര്‍ഗീസ്, അനില്‍ കെ എ, ബിജുമോന്‍ പി കെ, സൈനുദീന്‍ എസ്, മാഹിന്‍ സലീം എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്. അടിമാലിയില്‍ വീട്ടില്‍ സൂക്ഷിച്ച കഞ്ചാവുമായാണ് യുവാവിനെ നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. വട്ടവട കോവിലൂര്‍ വഞ്ചിവയല്‍ സ്വദേശി  മണികണ്ഠ(43)നെയാണ് അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ ജി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയില്‍ നിന്ന് 2.250 കിലോ ഉണക്ക കഞ്ചാവും പിടിച്ചെടുത്തു. ഇയാള്‍ സ്വന്തം പുരയിടത്തില്‍ നട്ടുവളര്‍ത്തി വീട്ടില്‍ സൂക്ഷിച്ച കഞ്ചാവാണ് ഇതെന്ന് റെയ്ഡ് സംഘം പറഞ്ഞു. ചില്ലറ വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് നല്‍കിയിരുന്നത് മണികണ്ഠനായിരുന്നുവെന്നും ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് 6.30നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റെയ്ഡില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ കെ വി സുഗു, കെ കെ സുരേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സഹദേവന്‍ പിള്ള, കെ എസ് അസീസ്, ദിലീപ്, റോജിന്‍, അനൂപ് സോമന്‍, അനീഷ് പങ്കെടുത്തു.
Next Story

RELATED STORIES

Share it