thrissur local

ഇടിമിന്നലില്‍ പരക്കെ നാശം; മൂന്നുപേര്‍ക്ക് പരിക്കേറ്റു

തൃശൂര്‍: ജില്ലയില്‍ ഇടിമിന്നലില്‍ പരക്കെ നാശനഷ്ടം. മൂന്നു വീടുകള്‍ തകര്‍ന്നു. മിന്നലേറ്റ് മൂന്നു സ്ത്രീകള്‍ക്ക് പരിക്കേറ്റു. പുന്നയൂര്‍ മൂന്നയിനി, പുന്നയൂര്‍ക്കുളം, എരുമപ്പെട്ടി എന്നിവിടങ്ങളിലാണ് ഇടിമിന്നലില്‍ വീടുകള്‍ തകര്‍ന്നത്.
പുന്നയൂര്‍ പഞ്ചായത്തിലെ 18ാം വാര്‍ഡില്‍ മൂന്നയ്‌നി ബീച്ചില്‍ ആലുങ്ങല്‍ മുഹമ്മദാലിയുടെ വീട് ഇടിമിന്നലില്‍ തകര്‍ന്നു. മുഹമ്മദാലിയുടെ ഭാര്യ ശരീഫ, മക്കളായ റംല, ഷാമില എന്നിവര്‍ക്ക് മിന്നലില്‍ പരിക്കേറ്റു. വീടു തകര്‍ന്നതിനു പുറമെ ഇലക്ട്രിക് മീറ്റര്‍ മിന്നലില്‍ പൊട്ടിത്തെറിക്കുകയും, വൈദ്യുതി ലൈനുകള്‍ കത്തുകയും ചെയതു.
ആറു മാസം പ്രായമുള്ള കുട്ടിയടക്കം നാലു പേരാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടി നിലത്ത് വീണുവെങ്കിലും അപകടം സംഭവിച്ചില്ല.
അയല്‍വാസികള്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ ചാവക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വില്ലേജ് അധികൃതര്‍ വീട് സന്ദര്‍ശിച്ചു. പുന്നയൂര്‍ക്കുളം നാലാപ്പാട്ട് റോഡില്‍ മുണ്ടന്‍തറ വാസുവിന്റെ വീട് ഇടിമിന്നലില്‍ തകര്‍ന്നു. കോണ്‍ക്രീറ്റ് തൂണുകള്‍ നാട്ടിയ ഓല വീടാണ് തകര്‍ന്നത്. തൂണുകള്‍ക്കും, തറയ്ക്കും വിള്ളലുകള്‍ ഉണ്ടായി. തൊട്ടടുത്ത പൊലിയേടത്ത് ശിവരാമന്റെ വീട്ടിലെ കൂട്ടിലുണ്ടായിരുന്ന രണ്ട് ആടുകള്‍ ഇടിമിന്നലേറ്റ് ചത്തു.
എരുമപ്പെട്ടി കുട്ടഞ്ചേരി ഭരണിച്ചിറയില്‍ ഇടിമിന്നലില്‍ വീടിന്റെ മേല്‍ക്കൂര കത്തിനശിച്ചു. കുടപ്പനക്കൂട്ടത്തില്‍ മോഹനന്റെ വീടിന്റെ മേല്‍ക്കൂരയാണ് നശിച്ചത്. ടിവി ഉള്‍പ്പെടെയുള്ള വൈദ്യുതി ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്.
മേഖലയിലെ നിരവധി വീടുകളുടെ വൈദ്യുതി ബോര്‍ഡുകള്‍, ഫാന്‍, ടെലിവിഷന്‍, ഫ്രിഡ്ജ് എന്നിവയ്ക്കും ഇടിമിന്നലില്‍ നാശനഷ്ടം സംഭവിച്ചു. ശക്തമായ കാറ്റിലും മഴയിലും എരുമപ്പെട്ടിയില്‍ റോഡരുകില്‍ നിന്നിരുന്ന മരം കടപുഴകി വീണ് വാഹനഗതാഗതം തടസപ്പെട്ടു. എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിക്കു മുന്‍വശത്തു നിന്നിരുന്ന പൂമരമാണ് കടപുഴകി വീണത്. സംഭവത്തില്‍ ആളപായമില്ല. നാട്ടുകാരുടേയും പരിസരവാസികളുടേയും നേതൃത്വത്തില്‍ മരക്കൊമ്പുകള്‍ മുറിച്ചുമാറ്റിയതിനു ശേഷം ഗതാഗതം പുനസ്ഥാപിച്ചു.
Next Story

RELATED STORIES

Share it