'ഇടതു വിദ്യാര്‍ഥി സംഘടന ഇസ്‌ലാമിനെ അവഹേളിക്കുന്നത് അവസാനിപ്പിക്കണം'

കോട്ടയം: ഇസ്‌ലാം അനുശാസിക്കുന്ന സദാചാര മര്യാദകള്‍ പാലിക്കാന്‍ നവതലമുറയിലെ അഭ്യസ്തവിദ്യരായ മുസ്‌ലിം യുവതികള്‍ സാഭിമാനം രംഗത്തുവരുന്നതില്‍ ഇടതു വിദ്യാര്‍ഥി യുവജന സംഘടനകള്‍ കാണിക്കുന്ന അസഹിഷ്ണുത അവസാനിപ്പിക്കണമെന്ന് ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാദില്‍ മന്‍ബഇ പ്രസ്താവനയില്‍ പറഞ്ഞു.
ഹിന്ദുത്വ സംഘടനകളില്‍ പോലും കാണാത്ത ഹാലിളക്കമാണ് ഇസ്‌ലാമിനെതിരേ ഇടതു സംഘടനകളില്‍ നിന്നു കണ്ടുവരുന്നത്. അമുസ്‌ലിം പെണ്‍കുട്ടികളെ തട്ടമിടുവിച്ച് നടത്തിയ ഫഌഷ്‌മോബ്, ചേലാകര്‍മ വിരുദ്ധ കാംപയിന്‍, സദാചാരത്തെപ്പറ്റി സ്വന്തം നാട്ടില്‍ കുടുംബ ക്ലാസെടുത്ത ഫാറൂഖ് കോളജ് അധ്യാപകനും കോളജിനുമെതിരേയുള്ള നീക്കം തുടങ്ങിയവയിലൊക്കെ മുഴച്ചുനില്‍ക്കുന്നത് കടുത്ത മുസ്‌ലിം വിരോധമാണ്. സ്ത്രീകളുമായും വ്യക്തിസ്വാതന്ത്ര്യവുമായും ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ഉണ്ടായിട്ടും അതിലൊന്നും ഇടപെടാതെ മുസ്‌ലിം വിശ്വാസത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള നിരന്തര ഇടപെടലാണ് ഇടതു വിദ്യാര്‍ഥി യുവജന സംഘടനകളില്‍ നിന്നും ഉണ്ടാവുന്നത്. ഇതിനു കണിഞ്ഞാണിടാന്‍ സിപിഎം ഉടനെ തയ്യാറാകണം.
അരാജകത്വ താല്‍പര്യങ്ങളുടെ അധിനിവേശം പൊതു സാമൂഹിക മണ്ഡലത്തെ ഏറെ അസ്വസ്ഥമാക്കിയിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഇതിനെപ്പറ്റി മത-കലാ-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം വ്യാപകമായി പ്രതികരിച്ചുതുടങ്ങിയത്. അക്കൂട്ടത്തില്‍ മുസ്‌ലിംകളുടെ പ്രതികരണത്തെ മാത്രം വര്‍ഗീയ മുന്‍വിധിയോടെ നോക്കിക്കാണുകയും സ്ത്രീവിരുദ്ധതയായി പ്രചരിപ്പിക്കുകയും ചെയ്യുന്നത് തികഞ്ഞ വര്‍ഗീയതയാണ്.
മാറുന്ന കാലത്തോട് ആത്മവിശ്വാസത്തോടെ സംവദിക്കുന്ന ഇസ്‌ലാമിന്റെ സ്ത്രീപക്ഷ ചിന്തകളെയും ഉയര്‍ന്ന മാനവിക മൂല്യവിചാരങ്ങളെയും മുന്‍വിധിയില്ലാതെ നോക്കിക്കാണാന്‍ ഇടതുപക്ഷത്തിനാവണം. മനുഷ്യവിരുദ്ധമായ ഹിന്ദുത്വ ഹിംസാത്മകതക്കെതിരേ വിശാലമായ മാനവിക ഐക്യം സ്ഥാപിക്കേണ്ട സാഹചര്യത്തില്‍ ഇസ്‌ലാമിനും മുസ്‌ലിം സ്ഥാപനങ്ങള്‍ക്കുമെതിരേ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത് ഗുണകരമല്ല. അതില്‍ നിന്ന് ഇടതുപക്ഷ വിദ്യാര്‍ഥി യുവജന സംഘടനകളും ബന്ധപ്പെട്ടവരും വിട്ടുനില്‍ക്കണമെന്ന് ഈസാ മൗലവി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it