ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യം: സുനില്‍കുമാര്‍

തൃശൂര്‍: സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് തൃശൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാര്‍. അഴിമതിയില്‍ മുങ്ങിക്കുളിച്ച യുഡിഎഫ് സര്‍ക്കാര്‍ എല്ലാ രംഗത്തും പരാജയമാണെന്നും ജനം ഒരു മാറ്റം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പ്രസ്‌ക്ലബിന്റെ പോരിന്റെ പൂരം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 25 വര്‍ഷമായി യുഡിഎഫ് പ്രതിനിധീകരിക്കുന്ന തൃശൂര്‍ മണ്ഡലത്തില്‍ അടിസ്ഥാനപരമായ വികസന പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല. ഫ്‌ളൈ ഓവറുകളും മറ്റും നിര്‍മിച്ച് രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായില്ല. ജനത്തിന് കുടിവെള്ളം ലഭ്യമാക്കുന്നതിന് ഫലപ്രദമായ പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല. പീച്ചിയില്‍ നിന്നുള്ള വെള്ളം നിന്നുപോയാല്‍ ജലക്ഷാമം രൂക്ഷമാവുമെന്നതാണ് അവസ്ഥ. നഗരത്തിന്റെ പ്രധാന ആകര്‍ഷണമായ തേക്കിന്‍കാട് മൈതാനം ഭംഗി കൂട്ടാനുള്ള നടപടികള്‍ സ്വീകരിച്ചില്ല. തൃശൂരിനെ ക്ലാസിക്കല്‍ നഗരമായി മാറ്റുന്നതിന് സീറ്റ് പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മല്‍സരിക്കുന്നതെന്ന് ചോദ്യത്തിന് മറുപടിയായി സുനില്‍ കുമാര്‍ പറഞ്ഞു. വര്‍ഷങ്ങളായി തൃശൂരിനെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന തേറമ്പില്‍ നല്ല നേതാവാണെങ്കിലും മണ്ഡലത്തിന് വേണ്ടി കാര്യമായൊന്നും ചെയ്യാനായിട്ടില്ല. യുഡിഎഫ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാലിന്റെ ശക്തിയെ കുറച്ച് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തും സംസ്ഥാനത്തും ബിജെപിക്ക് അനുകൂലമായ യാതൊരു സാഹചര്യവും നിലനില്‍ക്കുന്നില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it