thrissur local

ആശ്വാസമായി വേനല്‍മഴയെത്തി; കാറ്റില്‍ വ്യാപക നാശനഷ്ടം

തൃശൂര്‍: കൊടും ചൂടിന് തെല്ലൊരു ആശ്വാസമായി വേനല്‍മഴയെത്തി. ജില്ലയിലെ എല്ലാപ്രദേശങ്ങളിലും സാമാന്യം നല്ല നിലയില്‍ മഴ ലഭിച്ചു. കഴിഞ്ഞദിവസം വൈകീട്ട് തുടങ്ങിയ മഴ പലയിടത്തും രാത്രി ഏറെ വൈകിയും തുടര്‍ന്നു. അതേസമയം, മഴയോടൊപ്പമെത്തിയ കാറ്റ് ജില്ലയില്‍ വ്യാപക നാശനഷ്ടം വിതച്ചു. വരന്തരപ്പിള്ളി, പാലപ്പിള്ളി, പുലിക്കണ്ണി, നടാംപ്പാടം എന്നിവിടങ്ങളിലാണ് ശക്തമായ കാറ്റ് നാശം വിതച്ചത്.
പുലിക്കണ്ണി-കള്ളായി റോഡിലെ നാടാംപ്പാടത്ത് മരങ്ങള്‍ വീണ് നിരവധി വൈദ്യുതി കാലുകള്‍ ഒടിഞ്ഞു. ഇവിടെ ഒരു ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ന്നു. റോഡിലേക്ക് മരങ്ങളും വൈദ്യുതി കാലുകളും വീണ് കിടക്കുന്നതിനാല്‍ ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധവും താറുമാറായി. പ്രദേശത്ത് വാഴ, കമുക്, ജാതി മരങ്ങളും വ്യാപകമായി ഒടിഞ്ഞ് നശിച്ചിട്ടുണ്ട്. വരന്തരപ്പിള്ളി, കുന്നത്തുപ്പാടം, വേപ്പൂര്‍ എന്നിവിങ്ങളിലും മരങ്ങള്‍ വീണ് വൈദ്യുതി ബന്ധം തകരാറിലായി. പാലപ്പിള്ളി, നന്തിപുലം, വരന്തരപ്പിള്ളി ഫീഡറുകള്‍ക്ക് കീഴില്‍ തടസ്സപ്പെട്ട വൈദ്യുതി ബന്ധം ബുധനാഴ്ച വൈകിയും പുന:സ്ഥാപിക്കാനായിട്ടില്ല. പാലപ്പിള്ളി ജുങ്‌ടോളി എസ്‌റ്റേറ്റിലെ രണ്ടായിരത്തോളം റബര്‍ മരങ്ങള്‍ ഒടിഞ്ഞുവീണു. എട്ട് വര്‍ഷം പ്രായമായ മരങ്ങളാണ് ഒടിഞ്ഞത്.
കാറ്റിലും മഴയിലും ചേലക്കര മേഖലയിലും വ്യാപക നാശനഷ്ടം. ചേലക്കര പഞ്ചായത്തിലെ 8, 9, 10 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട പുലാക്കോട്, പങ്ങാരപ്പിള്ളി, പനംകുറ്റി, അടയ്‌ക്കോട്, ചൊവ്വാക്കാവ് എന്നിവിടങ്ങളിലുണ്ടായ കാറ്റിലും മഴയിലും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ഫലവൃക്ഷങ്ങള്‍ കടപുഴകുകയും ചെയ്തു.
പാറയ്ക്കല്‍ പീടികയില്‍ സീനത്ത്, കാജഹുസൈന്‍, തോട്ടത്തില്‍ സുലൈമാന്‍, കുന്നത്തുപീടികയില്‍ സുലൈമാന്‍ എന്നിവരുടെ വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. കൂടാതെ ചേലക്കര കുട്ടാടന്‍ സ്വദേശിനിയായ ഓമന പീറ്ററിന്റെ പുരയിടത്തിലെ വൃക്ഷങ്ങളും കടപുഴകി വീണു. എളനാട്, പങ്ങാരപ്പിള്ളി പ്രദേശത്ത് പാവല്‍, പടവലം കൃഷികളും നശിച്ചു. നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങളില്‍ സ്ഥലം എം എല്‍ എയും സിപിഎം ജില്ലാ സെക്രട്ടറിയുമായ കെ രാധാകൃഷ്ണന്‍, ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഗായത്രി ജയന്‍, പഞ്ചായത്ത് അംഗങ്ങള്‍ സന്ദര്‍ശിച്ചു.
കുന്നംകുളം ചൊവ്വന്നൂര്‍ മേഖലയിലും വ്യാപക നാശമുണ്ടായി. ചൊവ്വന്നൂര്‍ കല്ലഴി വിഷ്ണു ഭഗവതി ക്ഷേത്രത്തിനു മുന്നിലെ ആല്‍ മരത്തിന്റെ വിലിയ കൊമ്പ് ഓഫിസിനു മുകളിലേക്ക് ഒടിഞ്ഞുവീണു. ഓഫിസിനു മുകളിലെ ഷീറ്റുകളും 10,000 ലിറ്ററിന്റെ ടാങ്കും തകര്‍ന്നു.
ക്ഷേത്ര പരിസരത്തുള്ള കൊറ്റഞ്ചേരി കുട്ടിമോന്റെ വീട്ടിലെ പൂമരം കടപുഴകി വീണു. സമീപത്തുള്ള പ്ലാവും നിലംപതിച്ചു. ശക്തമായ കാറ്റില്‍ പ്രദേശത്തെ വാഴ, കവുങ്ങ് എന്നിവയും ഒടിഞ്ഞുവീണു. തലക്കോട്ടുകര ബിജുവിന്റെ വീടിനു മുകളിലെ ഓടുകള്‍ ശക്തമായ കാറ്റില്‍ പറന്നുപോയി. കല്ലഴിക്കുന്ന് കൊരട്ടിയില്‍ സുന്ദരന്റെ ഷീറ്റു മേഞ്ഞ വീട് മരങ്ങള്‍ വീണ് തകര്‍ന്നു. വീടിനോട് ചേര്‍ന്നുള്ള ബദാം, ഞാവല്‍ മരങ്ങള്‍ കടപുഴകി വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു. കൂലിപ്പണിക്കാരനായ സുന്ദരനും ഭാര്യയും മക്കളുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് ഇവര്‍ പുറത്തേക്കിറങ്ങി ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി. ചൊവ്വന്നൂര്‍ പഞ്ചായത്ത്‌വില്ലേജ് അധികൃതര്‍ക്ക് പരാതി നല്‍കി.
Next Story

RELATED STORIES

Share it