Flash News

ആശാറാം കേസ് വിധി : മൂന്നു സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍

ആശാറാം കേസ് വിധി : മൂന്നു സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍
X


ന്യൂഡല്‍ഹി: ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരായ ബലാല്‍സംഗ കേസില്‍ ജോധ്പൂര്‍ എസ്‌സി/എസ്ടി കോടതി ബുധനാഴ്ച വിധി പറയാനിരിക്കെ രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തിപ്പെടുത്താന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം. കഴിഞ്ഞ വര്‍ഷം ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് രാം റഹീമിനെതിരായ ബലാല്‍സംഗ കേസില്‍ വിധി വന്നശേഷം ഹരിയാനയിലും പഞ്ചാബിലും ചണ്ഡീഗഡിലും വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറിയ സാഹചര്യത്തിലാണ് മൂന്നു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
ആശാറാം കേസില്‍ വിധി വരുന്നതോടെ അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെടാതിരിക്കുന്നതിന് മുന്‍കരുതലെടുക്കണമെന്ന് മൂന്നു സംസ്ഥാനങ്ങളോടും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.  രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളില്‍ ആശാറാം ബാപ്പുവിന് അനവധി അനുയായികളുണ്ട്. ഇവിടങ്ങളില്‍ കൂടുതല്‍ പോലിസിനെ വിന്യസിക്കാനാണ് നിര്‍ദേശം.
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍കാരിയായ കൗമാരക്കാരിയെ ആശാറാം ജോധ്പൂരിലെ ആശ്രമത്തില്‍ വച്ച് ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. 2013 ആഗസ്ത് 15നായിരുന്നു സംഭവം.
മധ്യപ്രദേശിലെ ചിന്ദ്വാര ആശ്രമത്തില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ ആശാറാം വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. അതേസമയം, ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ഷാജഹാന്‍പൂരിലെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചു. അഞ്ച് പോലിസുകാരെ നേരത്തെ തന്നെ ഇരയുടെ വസതിയില്‍ വിന്യസിച്ചിരുന്നു. കൂടുതല്‍ പോലിസുകാരെ നിയമിക്കും. എല്ലാ സന്ദര്‍ശകരെയും നിരീക്ഷിക്കാന്‍ സിസിടിവി ക്യാമറകളും സ്ഥാപിക്കുമെന്ന് പോലിസ് സൂപ്രണ്ട് കെ ബി സിങ് അറിയിച്ചു. ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കേസില്‍ വിധി പറയുന്നത്. ആശാറാം ബാപ്പുവിന്റെ അനുയായികളുടെ ഭീഷണി കണക്കിലെടുത്ത് ജോധ്പൂര്‍ നഗരത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it