kozhikode local

ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

കോഴിക്കോട്: പേരാമ്പ്രയില്‍ ഒരു കുടുംബത്തിലുണ്ടായ വൈറല്‍ പനി സംബന്ധിച്ച് ആശങ്ക വേണ്ടെന്നും, രോഗകാരണം കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിച്ചതായും ആരോഗ്യ മന്ത്രി കെ കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വായുവിലൂടെയോ വെള്ളത്തിലൂടെയോ പനി പകരാന്‍ സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം.
സംഭവം ശ്രദ്ധയില്‍പെട്ടയുടനെ തന്നെ ആരോഗ്യ മേഖലയില്‍ വിദഗ്ദ സംഘം സ്ഥലം സന്ദര്‍ശിച്ച് പ്രാമിക പരിശോധനകള്‍ നടത്തിക്കഴിഞ്ഞു. കേരളത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഒരുതരം വൈറസാണ് രോഗകാരണമെന്നാണ് നിഗമനം. കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി പനിവന്നു മരിച്ചവരുടെ ആന്തരിക സാമ്പിളുകള്‍ മണിപ്പാല്‍ ഉള്‍പ്പെടെയുള്ള ആധുനിക ലാബുകളില്‍ പ്രത്യേക ദൂതന്‍വഴി എത്തിച്ചുകഴിഞ്ഞു. പരിശോധനാ ഫലം എത്രയും പെട്ടെന്ന് ലഭ്യമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ഇന്ന് പേരാമ്പ്രയില്‍ പ്രത്യേക മെഡിക്കല്‍ ക്യാംപ് നടക്കും. വൈറസ് സംബന്ധിച്ച് പഠനം നടത്തുന്ന കേരളത്തിനു പുറത്തുള്ള വിദഗ്ദര്‍ കോഴിക്കോട്ട് എത്തിക്കഴിഞ്ഞു. പനി ബാധിച്ച് എത്തുന്നവര്‍ക്ക് ചികില്‍സ നല്‍കുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. രോഗികളെ പരിചരിക്കുന്നവര്‍ക്കും രോഗം വരാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ എന്‍ 95 ഇനത്തില്‍ പെട്ട 1000 പ്രത്യേകതരം മാസ്‌കുകള്‍ കോഴിക്കോട് എത്തിച്ചിട്ടുണ്ട്. ഇതിനുപുറമെ 10,000 സാധാരണ മാസ്‌ക്കുകളും എത്തിച്ചു.
സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ പ്രത്യേക ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരും. ആശുപത്രി ജീവനക്കാര്‍ക്ക് ചികില്‍സ സംബന്ധിച്ച് പ്രത്യേക പരിശീലന പരിപാടികളും നടക്കും. അലോപ്പതി, ആയുര്‍വേദം, ഹോമിയോ തുടങ്ങി എല്ലാ വിഭാഗത്തേയും ഏകോപിപ്പിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it