Flash News

ആവിഷ്‌കാരസ്വാതന്ത്ര്യ നിയന്ത്രണം : സാംസ്‌കാരിക ലോകം ശബ്ദമുയര്‍ത്തണം- മുഖ്യമന്ത്രി



കൊച്ചി: സ്വതന്ത്ര ആവിഷ്‌കാരം നിയന്ത്രിക്കുന്ന ശക്തികള്‍ക്കെതിരേ സാംസ്‌കാരികലോകം ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി ഐഎംഎ ഹാളില്‍ സാംസ്‌കാരികപ്രവര്‍ത്തകരുടെ സംസ്ഥാനതല കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് നടന്ന ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ മൂന്ന് ഡോക്യുമെന്ററികള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിയുമായി ബന്ധപ്പെട്ട് ചലച്ചിത്ര സംവിധായകന്‍ കമലാണ് ഈ പ്രശ്‌നം ഉന്നയിച്ചത്. സെന്‍സര്‍ ബോര്‍ഡുകളില്‍ പ്രാദേശിക പ്രാതിനിധ്യമുണ്ടെങ്കിലും നിഷ്പക്ഷ പ്രവര്‍ത്തനം സാധ്യമാവുന്നില്ല. ഇതിനു സര്‍ക്കാര്‍ ഇടപെടണമെന്ന് കമല്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇതു കേന്ദ്രസര്‍ക്കാരിന്റെ പരിധിയിലുള്ള വിഷയമാണെന്നും ആവിഷ്‌കാരസ്വാതന്ത്ര്യം നിഷേധിക്കുന്ന നീക്കത്തിനെതിരേ ശക്തമായി ശബ്ദമുയര്‍ത്തണമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. തീരദേശ ഹൈവേ പോലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കിടെ കുടിയൊഴിപ്പിക്കപ്പെടുന്ന ജനതയുടെ പാരമ്പര്യ, സാംസ്‌കാരിക തനിമ തകരുകയാണെന്നും കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കി വികസനം നടത്തണമെന്നുമുള്ള നിര്‍ദേശത്തിനു മറുപടിയായി, കുടിയൊഴിപ്പിക്കല്‍ പരമാവധി ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഭാഷാന്യൂനപക്ഷങ്ങള്‍ക്കുമേല്‍ മലയാളം അടിച്ചേല്‍പ്പിക്കുകയാണെന്ന ആശങ്ക കാസര്‍കോട് മേഖലയില്‍ നിലനില്‍ക്കുന്നുവെന്ന പരാതിയില്‍, വിദ്യാഭ്യാസം മാതൃഭാഷയില്‍ തന്നെയാവണമെന്നും മലയാളം അധികഭാഷയായി പഠിക്കണമെന്നുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ ഓഫ് ഡ്രാമയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സിനിമാമേഖലയില്‍ ഇ-ടിക്കറ്റ് വേഗത്തില്‍ നടപ്പാക്കുന്നതു സംബന്ധിച്ച് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ നിര്‍ദേശങ്ങളും ഉടന്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. സംസ്ഥാന ലൈബ്രറി കൗ ണ്‍സിലിന്റെ ആസ്ഥാനമന്ദിരം നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും പഴയ മലയാള സിനിമകളുടെ നെഗറ്റീവ് ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കുന്നതിന് തടസ്സമില്ലെന്നും അത് ഉടന്‍ പ്രാവര്‍ത്തികമാക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it