ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചില്ലെന്ന് ആക്ഷേപം; നേപ്പാള്‍ ഭരണഘടനാ ഭേദഗതി മധേശികള്‍ തള്ളി

കാഠ്മണ്ഡു: നേപ്പാള്‍ ഭരണഘടനയില്‍ ശനിയാഴ്ച രാത്രി പാര്‍ലമെന്റ് വരുത്തിയ ഭേദഗതി ഇന്ത്യയിലെ ഹിന്ദുത്വസംഘടനകളുടെ പിന്തുണയുള്ള മധേശികള്‍ തള്ളി. വംശീയ ന്യൂനപക്ഷങ്ങളുടെ എല്ലാ ആവശ്യങ്ങളും പാര്‍ലമെന്റ് പരിഗണിച്ചില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. ഇതോടെ മാസങ്ങളായി ഇന്ത്യ അതിര്‍ത്തിയില്‍ തുടരുന്ന മധേശികളുടെ ഉപരോധസമരം തുടരാനാണ് സാധ്യത.
മധേശികളും ചില ചെറു വംശീയ സംഘങ്ങളും ഭരണപങ്കാളിത്തം ആവശ്യപ്പെട്ട് നടത്തുന്ന ഉപരോധം 50ലധികം പേരുടെ മരണത്തിനിടയാക്കിയിരുന്നു. ഇന്ധന ക്ഷാമത്തിലേക്കു നയിച്ച സമരം ഭൂകമ്പ ബാധിതര്‍ക്ക് അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനും തടസ്സമായിരുന്നു.
ഭരണപങ്കാളിത്തം ആവശ്യപ്പെടുന്ന വംശീയ ന്യൂനപക്ഷങ്ങളുടെ താല്‍പര്യം പൂര്‍ണമായും സംരക്ഷിക്കാതെയാണ് ഭേദഗതിയെന്ന് മധേശികള്‍ ആരോപിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ നേടുംവരെ സമരം തുടരുമെന്ന് തറായ് മധേസ് ലോക്തന്ത്രിക് പാര്‍ട്ടി നേതാവ് ഹൃദയേഷ് ത്രിപാഠി പറഞ്ഞു. 601 അംഗ പാര്‍ലമെന്റില്‍ 461 പേര്‍ ഭേദഗതി അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ ഏഴു പേര്‍ വിയോജിച്ചു.
ഭേദഗതിയില്‍ നിരവധി പഴുതുകളുണ്ടെന്നും അപൂര്‍ണമാണെന്നും ആരോപിച്ച് മധേശി എം പിമാര്‍ ഇറങ്ങിപ്പോയി. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സൈന്യം ഉള്‍പ്പെടെയുള്ള മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആനുപാതിക പങ്കാളിത്തം ഉറപ്പാക്കുന്ന ഭരണഘടനാ ഭേദഗതി ജനസംഖ്യയനുസരിച്ച് അസംബ്ലി മണ്ഡലങ്ങള്‍ രൂപപ്പെടുത്താനും നിര്‍ദേശിക്കുന്നു. ഭേദഗതി സ്വാഗതാര്‍ഹമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഭരണഘടനാ ഭേദഗതി പ്രക്ഷോഭം അവസാനിപ്പിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് നിയമമന്ത്രി അഗ്‌നി പ്രസാദ് ഖരല്‍ വോട്ടെടുപ്പിന് മുമ്പ് പാര്‍ലമെന്റില്‍ പറഞ്ഞു. മൂന്ന് മാസത്തിനകം പ്രവിശ്യകളുടെ അതിര് പുനര്‍നിര്‍ണയത്തിന് രാഷ്ട്രീയസമിതിയെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതിര് നിര്‍ണയം മധേശികളുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ്.
എന്നാല്‍, തങ്ങളുടെ ഭൂരിപക്ഷ പ്രദേശം രണ്ടു പ്രവിശ്യകളാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് അവരുടെ ആരോപണം. പ്രവിശ്യാ ഭരണകൂട നിയന്ത്രണം കൈക്കലാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും മധേശികള്‍ കുറ്റപ്പെടുത്തുന്നു. മധേശി പ്രക്ഷോഭകര്‍ക്കു പിന്നില്‍ ഇന്ത്യയാണെന്നാണ് നേപ്പാള്‍ ഭരണകൂടത്തിന്റെ ആരോപണം. ഇക്കാര്യം നരേന്ദ്ര മോദി സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it